കൊല്ലം : ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ട പതിമൂന്നുകാരിയുമായി വന്ദേഭാരത് ട്രെയിനിൽ യാത്രതിരിച്ച് കുടുംബം. അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വന്ദേഭാരതില്‍ എറണാകുളത്തെത്തിക്കുന്നത്.
കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ നിർദേശം ലഭിച്ചതിനെ തുടർന്നാണ് കൊല്ലത്ത് നിന്ന് വന്ദേഭാരതിൽ യാത്ര പുറപ്പെടുന്നത്.കൊച്ചി ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ. തിരുവനന്തപുര ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. ഹൃദയം നിലച്ചുപോകാനുള്ള സാഹചര്യമുണ്ടെന്നും അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയയാക്കണമെന്നുമുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടിയെ കൊച്ചിയിലെത്തിക്കുന്നത്.
കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഇന്ന് രാത്രി തന്നെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. വെള്ളിയാഴ്ച രാവിലെയാണ് മാറ്റിവെക്കാനുള്ള ഹൃദയം ലഭിച്ചിട്ടുണ്ടെന്ന വിവരം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. അടിയന്തരമായി ആശുപത്രിയിലെത്താന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു.എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കുട്ടി. മൂന്ന് വർഷമായി ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലാണ്.