
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറിന്റെ 3.1 കിലോവാട്ട് ബാറ്ററിയുള്ള പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കി. 123 കിലോമീറ്റര്‍ റേഞ്ച് തരുന്ന വാഹനത്തിന് 1,03,727 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, നവീകരിച്ച യുഐ/യുഎക്സ് ഇന്റര്‍ഫേസ് തുടങ്ങിയവയും ഈ വാഹനത്തില്‍ സജ്ജീകരിച്ചിരിട്ടുണ്ട്. പേള്‍ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് നിറങ്ങളിലും ഇളം തവിട്ടുനിറത്തോടൊപ്പം സ്റ്റാര്‍ലൈറ്റ് ബ്ലൂ, ഇളം തവിട്ടുനിറത്തോടൊപ്പം കോപ്പര്‍ ബ്രോണ്‍സ് എന്നീ രണ്ട് ഡ്യൂവല്‍-ടോണ്‍ ഓപ്ഷനുകളിലും പുതിയ മോഡല്‍ ലഭ്യമാണ്. ടിവിഎസ് ഐക്യൂബിന്റെ ആറാമത് വകഭേദമാണിത്.
ഇതുവരെ ആറ് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കുകയും 1900 ലധികം ടച്ച്പോയിന്റുകളില്‍ സാനിധ്യം അറിയിക്കുകയും ചെയ്ത ടിവിഎസ് ഐക്യൂബ് ഇന്ത്യയിലെ കുടുംബങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രചാരമേറിയ ഇലക്ട്രിക സ്‌കൂട്ടര്‍ കൂടിയാണ്. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം, പൂര്‍ണമായ ഉറപ്പ്, ഉപയോഗത്തിന്റെ ലാളിത്യം എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടിവിഎസ് ഐക്യൂബ് രൂപകല്‍പന ചെയ്തിരിക്കുന്നത്.