തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ദീർഘകാലമായി ജോലി ചെയ്തുവരുന്ന 122 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. പത്തു വർഷമോ അതിലധികമോ സർവീസുള്ള പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്.(122 temporary employees were made permanent in local bodies)
ആകെ 122 പേരെയാണ് ഈ ഘട്ടത്തിൽ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ലൈബ്രേറിയൻമാരാണ്. ലൈബ്രേറിയൻമാർ: 86, നഴ്സറി ടീച്ചർമാർ: 22, ആയമാർ: 14 എന്നിങ്ങനെയാണ് നില.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച് പത്ത് വർഷം പൂർത്തിയാക്കിയവരെയാണ് സ്ഥിരനിയമനത്തിനായി പരിഗണിച്ചത്. ഈ 122 പേരെ സ്ഥിരപ്പെടുത്തുന്നതിലൂടെ സർക്കാരിന് പ്രതിവർഷം 1.08 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.