

ഹരിദ്വാർ: ഹരിദ്വാറിലെ കാങ്കൽ ബൈരാഗി ക്യാമ്പിലെ ലക്കർ ബസ്തി പ്രദേശത്തുനിന്ന് കണ്ടെത്തിയ 12 അടി നീളമുള്ള ഒരു കൂറ്റൻ രാജവെമ്പാലയെ പിടികൂടി മാറ്റാനുള്ള ശ്രമത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഭീതി നിറയ്ക്കുന്നു. വനംവകുപ്പിൻ്റെ ദ്രുത പ്രതികരണ സംഘമാണ് (QRT) ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ കീഴ്പ്പെടുത്തിയത്.
ലക്കർ ബസ്തിയിൽ പാമ്പിനെ കണ്ടതിനെത്തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ QRT സംഘത്തിന് പാമ്പിനെ പിടികൂടുന്നത് എളുപ്പമായിരുന്നില്ല. പാമ്പ് പലതവണ സമീപത്തെ പുഴയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഓരോ ശ്രമവും സംഘാംഗങ്ങൾ പരാജയപ്പെടുത്തി.
രക്ഷപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴൊക്കെ രാജവെമ്പാല സംഘാംഗങ്ങളെ ആക്രമിക്കാനായി ഉയർന്നുചാടി അടുത്തു. പലപ്പോഴും തലനാരിഴയ്ക്കാണ് പാമ്പിൻ്റെ കടിയേൽക്കാതെ ദൗത്യസംഘാംഗങ്ങൾ രക്ഷപ്പെട്ടത്.ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ പാമ്പിനെ പിടികൂടാൻ കഴിഞ്ഞതോടെ നാട്ടുകാർക്കും ദൗത്യസംഘത്തിനും ആശ്വാസമായി.
വൈറലായ വീഡിയോയ്ക്ക് പിന്നാലെ ചില വിമർശനങ്ങളും ഉയർന്നിട്ടുണ്ട്: രാജവെമ്പാലയെ പോലുള്ള കൂടുതൽ വിഷമുള്ള പാമ്പുകളെ പിടികൂടാൻ കൂടുതൽ അനുഭവപരിചയമുള്ള ആളുകളെയാണ് ആവശ്യമെന്ന് ചിലർ അഭിപ്രായപ്പെട്ടു. രാജവെമ്പാലയെ പിടിക്കുമ്പോൾ കുറച്ചുകൂടി ക്ഷമയും പക്വതയും കാണിക്കണമായിരുന്നു എന്നും ചിലർ കമൻ്റ് ചെയ്തു.പിടികൂടിയ രാജവെമ്പാലയെ അതിൻ്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി വിട്ടയച്ചതായി അധികൃതർ അറിയിച്ചു.