

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി. ഇന്നലെ മാത്രം കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റ് വരുമാനം10.77 കോടി രൂപയായി ഉയർന്നതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ടിക്കറ്റിതര വരുമാനം ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി.യുടെ ആകെ പ്രതിദിന വരുമാനം 11.53 കോടി രൂപയാണ്.(11.53 crores in a single day, All-time record revenue for KSRTC)
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണിത്. കഴിഞ്ഞ വർഷം നിലനിന്നിരുന്ന സാഹചര്യങ്ങളിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയാണ് കോർപ്പറേഷൻ ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ മുന്നേറ്റത്തിന് കാരണമായ പ്രധാന ഘടകങ്ങൾ മന്ത്രി വിശദീകരിച്ചു.
മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികൾ, കെ.എസ്.ആർ.ടി.സി. മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ തുടർ പ്രവർത്തനങ്ങൾ, പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടി, ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെ.എസ്.ആർ.ടി.സി.യുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്, മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി നിശ്ചയിച്ച ടാർജറ്റ് നേടാനുള്ള ഡിപ്പോകളിലെ മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും, 'ഓഫ് റോഡ്' കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും വരുമാനം വർദ്ധിപ്പിച്ചു എന്നിവയാണത്. സ്വയംപര്യാപ്ത കെ.എസ്.ആർ.ടി.സി. എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് ഈ നേട്ടം നിർണ്ണായകമായതായും മന്ത്രി വിലയിരുത്തി.
കെ.എസ്.ആർ.ടി.സി.യുടെ തുടർച്ചയായ ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന സി.എം.ഡി. ഡോ. പ്രമോജ് ശങ്കറിനും മാനേജ്മെന്റിനും എല്ലാ വിഭാഗം ജീവനക്കാർക്കും യാത്രക്കാർക്കും മന്ത്രി കെ.ബി. ഗണേഷ് കുമാർ അഭിനന്ദനം അറിയിച്ചു.