
ഉന്നതി സ്കോളർഷിപ്പ് കരസ്ഥമാക്കിയ 1,104 വിദ്യാർഥികളെ വിദേശപഠനത്തിന് അയച്ചുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ സ്വരാജ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സാമൂഹിക- സാമ്പത്തിക- വൈജ്ഞാനിക മേഖലകളിൽ വികസനോന്മുഖ മാറ്റങ്ങൾ വരികയാണ്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഉണ്ടായ മുന്നേറ്റം പട്ടികജാതി- വർഗ വിഭാഗങ്ങൾക്കും പ്രയോജനപ്പെട്ടു. തൊഴിൽ ക്യാമ്പയിനുകൾ, ഉന്നതികളിലെ ദുരന്ത സാധ്യത ലഘൂകരണം, ഹോസ്റ്റലുകളിലെ സാമൂഹിക ഓഡിറ്റ് തുടങ്ങിയ പ്രവർത്തനങ്ങൾ പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് നടപ്പാക്കി. ഇതിനൊപ്പം പോളിടെക്നിക്ക്, ഐടിഐ, മറ്റ് സാങ്കേതിക മേഖലകളിൽ അഭ്യസ്തവിദ്യരായ യുവതയ്ക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയാണ്.
പട്ടികജാതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മെഡിക്കൽ കോളജിൽ 733 കോടി രൂപയുടെ വികസനം നടപ്പാക്കി. ഓരോ വർഷവും 72 പട്ടികവിഭാഗം വിദ്യാർഥികൾ പ്രവേശനം നേടുന്നു. യഥാക്രമം 413, 15 പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾ ഇതുവരെ മെഡിക്കൽ പഠനം പൂർത്തിയാക്കി. ട്രേസ് (ട്രെയിനിങ് ഫോർ കരിയർ എക്സെലൻസ്) പദ്ധതിയിലൂടെ പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് എൻജിനീയറിങ്, മെഡിക്കൽ- പാരാമെഡിക്കൽ, നഴ്സിംഗ്, നിയമം, ജേർണലിസം കോഴ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾക്ക് സ്റ്റൈപന്റോടുകൂടി പരിശീലനം നൽകി. പഠനമുറി പദ്ധതിയുടെ ഭാഗമായി 40,000 വീടുകളിൽ വിദ്യാർഥികൾക്കായി സൗകര്യമൊരുക്കി. ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളിൽ 28 ശതമാനം പട്ടികവിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്കാണ് ലഭിച്ചത്. സേഫ് പദ്ധതിയിലൂടെ 32, 680 വീടുകൾ സുരക്ഷിതമാക്കി. അരിപ്പയിലെ ഭൂപ്രശ്നം പരിഹരിച്ചു. 350 കുടുംബങ്ങൾക്ക് ഉടനെ ഭൂമി ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് അധ്യക്ഷനായി. ജില്ലാ കലക്ടർ എൻ ദേവിദാസ്, വൈസ് പ്രസിഡന്റ് കെ. മിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ ജ്യോതി, ബിജു എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം തങ്കപ്പൻ, എം ലീലാമ്മ, സജിനി ഭദ്രൻ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.