അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച 11കാരിക്ക് രോഗം ഭേദമായി; ആശുപത്രിവിട്ടു |Amoebic Encephalitis

കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു
amoebic encephalitis
Published on

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസുകാരി ആശുപത്രി വിട്ടു. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിയാണ് ബുധനാഴ്ചയോടെ ആശുപത്രി വിട്ടത്. കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വര്ധിക്കുന്നുണ്ട്. സെപ്‌തംബർ മാസത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, നിലവിൽ 71പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ വർഷം ഇതുവരെ 19 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. ഇതിൽ ഒൻപത് മരണവും സെപ്‌തംബറിലായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോ​ഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 11 പേരാണ്. നാല് കുട്ടികളും ചികിത്സയിലുണ്ട്. എന്നാല്‍ നിലവില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു.

എന്നാൽ, ആശങ്ക വേണ്ടെന്നും ജാഗ്രത കൈവിടരുതെന്നും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ചികിത്സ നല്‍കി രോഗം ഭേദമാക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com