ചരിത്ര മുന്നേറ്റം: 11 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.ക്യു.എ.എസ്, ആകെ 251 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം

Veena George about Dr. Harris
Published on

സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 162 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ആരോഗ്യ മേഖലയിലെ വികസന മുന്നേറ്റത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജനറൽ ആശുപത്രി (90.66%), മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി (91.84%), എറണാകുളം കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം (96.90%), എറണാകുളം പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം (95.83%), കോഴിക്കോട് അരിക്കുളം കുടുംബാരോഗ്യ കേന്ദ്രം (95.58%), മലപ്പുറം പൂക്കോട്ടുമണ്ണ ജനകീയ ആരോഗ്യ കേന്ദ്രം (85.26%), മലപ്പുറം മേലങ്ങാടി ജനകീയ ആരോഗ്യ കേന്ദ്രം (82.77%), കോഴിക്കോട് കക്കാടംപൊയിൽ ജനകീയ ആരോഗ്യ കേന്ദ്രം (81.99%), കോഴിക്കോട് കൂമ്പാറ ജനകീയ ആരോഗ്യ കേന്ദ്രം (82.89%), കോഴിക്കോട് പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രം (94.89%), കണ്ണൂർ മൊറാഴ ജനകീയ ആരോഗ്യ കേന്ദ്രം (92.65%) എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

കോഴിക്കോട് ജനറൽ ആശുപത്രിയ്ക്ക് എൻ.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാൻ അംഗീകാരങ്ങൾ ഒന്നിച്ച് ലഭിച്ചു. കോഴിക്കോട് ജനറൽ ആശുപത്രിയിലെ ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയേറ്റർ 90.38%, ലേബർ റൂം 88.85%, മുസ്‌കാൻ 92.07% എന്നിങ്ങനെ സ്‌കോർ നേടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലേബർ റൂം 89% സ്‌കോറോടെ ലക്ഷ്യ സർട്ടിഫിക്കേഷൻ നേടി.

സംസ്ഥാനത്തെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക, ഗർഭിണികളായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും സർക്കാർ ആശുപത്രികളിലെ ഡെലിവറി പോയിന്റുകളിൽ മികച്ച പരിചരണം ഉറപ്പ് വരുത്തുക എന്നിവയ്ക്കുള്ള ഗുണനിലവാര മാനദണ്ഡമായാണ് ലക്ഷ്യ അക്രെഡിറ്റേഷൻ പ്രോഗ്രാം നടപ്പിലാക്കി വരുന്നത്. ഇതുവരെ സംസ്ഥാനത്ത് ആകെ 15 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 3 മെഡിക്കൽ കോളേജുകൾ, 9 ജില്ലാ ആശുപത്രികൾ, 3 താലൂക്ക് ആശുപത്രികൾ എന്നിവയാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള ആശുപത്രികൾ.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് ആകെ 6 ആരോഗ്യ സ്ഥാപനങ്ങൾക്ക് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 2 മെഡിക്കൽ കോളേജുകൾക്കും 4 ജില്ലാ ആശുപത്രികൾക്കുമാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com