നാലുവർഷത്തിനുള്ളിൽ നൽകിയത് 10583 സ്ഥിര നിയമനങ്ങളും 44095 താൽക്കാലിക നിയമനങ്ങളും : മന്ത്രി വി ശിവൻകുട്ടി

നാലുവർഷത്തിനുള്ളിൽ നൽകിയത്  10583 സ്ഥിര നിയമനങ്ങളും 44095 താൽക്കാലിക നിയമനങ്ങളും : മന്ത്രി വി ശിവൻകുട്ടി
Published on

കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലായി 10583 സ്ഥിരം നിയമനങ്ങളും 44095 താൽക്കാലിക നിയമനങ്ങളും നൽകിയതായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2015 മുതൽ നടപ്പിലാക്കിവരുന്ന നിയുക്തി തൊഴിൽ മേളകളിലൂടെ ഒരു ലക്ഷത്തിലധികം തൊഴിലന്വേഷകർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ നൽകാനായതായും മന്ത്രി പറഞ്ഞു. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരളത്തിന്റെ പ്രൈവറ്റ് എംപ്ലോയ്മെന്റ് പോർട്ടൽ തൈക്കാട് റസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ നേട്ടങ്ങളുടെ തുടർച്ചയെന്നോണം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തൊഴിൽ ദാതാക്കളെയും തൊഴിലന്വേഷകരെയും കൂടുതൽ അടുപ്പിക്കാനാണ് ശ്രമം. കേരളത്തിലെ തൊഴിലന്വേഷകർക്ക് ഏറ്റവും പുതിയ അവസരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനാണ് പ്രൈവറ്റ് എംപ്ലോയ്മെന്റ് പോർട്ടൽ www.privatejobs.employment.kerala.gov.in ആരംഭിച്ചത്. യുവജനങ്ങൾക്ക് അനുയോജ്യമായ തൊഴിൽ നേടാനും സ്വകാര്യമേഖലയിലെ തൊഴിലുടമകൾക്ക് ആവശ്യമായ ജീവനക്കാരെ കണ്ടെത്താനും പോർട്ടൽ വേദിയാകും.നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററുമായി സഹകരിച്ചാണ് തൊഴിൽ വകുപ്പ് പോർട്ടൽ വികസിപ്പിച്ചത്.

ഉദ്യോഗാർത്ഥികളുടെ രജിസ്‌ട്രേഷൻ വെരിഫൈ ചെയ്യപ്പെടുന്നില്ലെങ്കിലും തൊഴിൽ ദാതാവിന്റെ വിവരങ്ങളും അവർ പോസ്റ്റ് ചെയ്യുന്ന ജോലികളും ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കും. ഇത് പോർട്ടലിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കും. തൊഴിൽ ദാതാക്കൾക്ക് ജോബ് ഡ്രൈവുകൾ നടത്താനും അപേക്ഷകരിൽ നിന്ന് അനുയോജ്യരായവരെ തിരഞ്ഞെടുക്കാനും കഴിയും. കോൾ ലെറ്റർ, അപ്പോയിന്റ്മെന്റ് ലെറ്റർ എന്നിവ ഓൺലൈനായി അയക്കാനും ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഇതിലൂടെ നിയമന പ്രക്രിയ കൂടുതൽ വേഗത്തിലാകും.

വലിയ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനും സഹായകമാകും. ഓൺലൈനായി അപേക്ഷിച്ചവർക്ക് പുറമെ സ്പോട്ട് രജിസ്‌ട്രേഷനിലൂടെ തത്സമയം തൊഴിൽ മേളകളിൽ പങ്കെടുക്കാനും അവസരമുണ്ട്. അൻപതിനും അറുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള, പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കായി നവജീവൻ ഡാറ്റാ ബാങ്ക് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ അറിവും പ്രവൃത്തിപരിചയവും സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുകയാണ്. ഈ വിഭാഗത്തിലുള്ളവർക്കും തൊഴിലവസരങ്ങൾക്കായി നേരിട്ട് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും സ്മാർട്ട് ഐഡി കാർഡും എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും തൊഴിൽ ദാതാക്കൾക്ക് നിയമന റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കാനും പോർട്ടൽ സഹായിക്കും.കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അവരെ സ്വകാര്യമേഖലയിലെ അവസരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിനും പോർട്ടൽ ഒരു നിർണ്ണായക പങ്ക് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആന്റണി രാജു എംഎൽഎ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ എംപ്ലോയ്മെന്റ് ഡയറക്ടർ സുഫിയാൻ അഹമ്മദ്, ജോയിന്റ് ഡയറക്ടർ മോഹനദാസ് പി കെ, ഡെപ്യൂട്ടി ഡയറക്ടർ സജിത്കുമാർ റ്റി, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അശ്വതി ജി ഡി, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഐടി ഡയറക്ടർ ജയകുമാർ, തൈക്കാട് വാർഡ് കൗൺസിലർ ജി മാധവദാസ് തുടങ്ങിയവർ സംബന്ധിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com