
ബെംഗളൂരു: കർണാടകയിൽ 100 കോടി രൂപയുടെ ചിട്ടി ഫണ്ട് തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികൾ കെനിയയിലേക്ക് രക്ഷപ്പെട്ടതായി സംസ്ഥാന പോലീസ് അറിയിച്ചു (Bengaluru chit scam). കേരളത്തിൽ നിന്നുള്ള ദമ്പതികളായ വർഗീസും ഷൈനി ടോമിയും 2000 മുതൽ കർണാടകയിലെ ബെംഗളൂരുവിൽ ഒരു ചിറ്റ് ഫണ്ട് കമ്പനി നടത്തുന്നു. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 400-ലധികം പേരിൽ നിന്നായി കോടികളാണ് ഇവർ കൈപ്പറ്റിയത്.പലിശയോ മുതലോ നൽകാതെ 100 കോടി രൂപ വരെ ഇവർ പലരിൽ നിന്നായി തട്ടിയെടുത്തതായാണ് റിപ്പോർട്ട്.
ഇവർക്ക് പണം നൽകി കബളിപ്പിക്കപ്പെട്ടവരിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറംലോകം അറിയുന്നത്. ഇതിനുശേഷം ഏകദേശം 400 പേർ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ്, തട്ടിപ്പ് സംഭവത്തിൽ ഉൾപ്പെട്ട വർഗീസും ഷൈനി ടോമിയും കെനിയയിലേക്ക് കടന്നതായി കർണാടക പോലീസ് അറിയിച്ചത്.
ജൂലൈ 3 ന് അവർ അപ്പാർട്ട്മെന്റ് ഒഴിഞ്ഞു. ഇരുവരും കെനിയയിലേക്ക് കടന്നു, പക്ഷേ അവരുടെ കുട്ടികൾ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല, വർഗീസിന്റെയും ഷൈനി ടോമിയുടെയും മകന്റെ ഫോൺ നമ്പർ പരിശോധിച്ചപ്പോൾ അയാൾ ആലപ്പുഴയിലാണെന്ന് സൂചന ലഭിച്ചെന്നും, പോലീസ് പറഞ്ഞു.
അതേസമയം, ഇതുസംബന്ധിച്ച് തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കേരള പോലീസ് അറിയിച്ചു.