'10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും, IT കയറ്റുമതി ഒരു ലക്ഷം കോടിയിലേക്ക്' : മുഖ്യമന്ത്രി പിണറായി വിജയൻ | Job

പൂർണ്ണമായി കേരളത്തിൽ രൂപകൽപ്പന ചെയ്ത ആദ്യത്തെ 5ജി ചിപ്പ് മുഖ്യമന്ത്രി പുറത്തിറക്കി
'10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും, IT കയറ്റുമതി ഒരു ലക്ഷം കോടിയിലേക്ക്' : മുഖ്യമന്ത്രി പിണറായി വിജയൻ | Job
Published on

കൊച്ചി: 2031-നകം സംസ്ഥാനത്തെ വിവര സാങ്കേതിക മേഖലയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഐ.ടി. വിപണിയുടെ 10 ശതമാനം കേരളത്തിൻ്റേതാക്കി മാറ്റണമെന്നും, ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (GCC) എണ്ണം 120 ആയി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. വകുപ്പ് സംഘടിപ്പിച്ച 'റീകോഡ് കേരള 2025' ഐ.ടി. സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.(10 lakh job opportunities will be created, says Chief Minister Pinarayi Vijayan)

വിഷൻ 2031-ന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ വേറിട്ട കാഴ്ചപ്പാടുകൾ ചർച്ച ചെയ്യണം. സംസ്ഥാനത്തെ ഐ.ടി. സ്ഥലസൗകര്യം മൂന്ന് കോടി ചതുരശ്ര അടിയായി വർദ്ധിപ്പിക്കും. ലാൻഡ് പൂളിംഗ് മാതൃകയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിച്ചു. ഡാറ്റാ സെന്ററുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സൈറ്റുകൾ, സാറ്റലൈറ്റ് ഐ.ടി. പാർക്കുകൾ എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കും.

10 ലക്ഷം യുവാക്കളെ ഐ.ടി. രംഗത്ത് നൈപുണ്യം സിദ്ധിച്ചവരാക്കുകയും 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കേരള ഫ്യൂച്ചർ ടെക്നോളജി മിഷൻ, കേരള സെമികോൺ മിഷൻ, കേരള എ.ഐ. മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് രൂപം നൽകാനുള്ള നിർദ്ദേശങ്ങൾ പരിഗണനയിലാണ്. നിർമ്മിത ബുദ്ധി (AI) മേഖലയിൽ സംസ്ഥാനത്തെ ആഗോള ശ്രദ്ധാകേന്ദ്രമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

ഭൂപരിഷ്കരണത്തിലും വിദ്യാഭ്യാസത്തിലും ലോകശ്രദ്ധ നേടിയ കേരള മോഡൽ മറ്റ് രംഗങ്ങളിലും സംസ്ഥാനം പിന്തുടരുകയാണ്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും, ഡിജിറ്റൽ സയൻസ് പാർക്കും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്ഥാപിച്ചു. 2016-ൽ 300 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അത് 6,400 ആയി ഉയർന്നു. 2021-23 കാലയളവിൽ സ്റ്റാർട്ടപ്പ് മേഖലയിൽ 254% വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ ദശാബ്ദക്കാലത്ത് 6,000 കോടി രൂപയുടെ നിക്ഷേപം സ്റ്റാർട്ടപ്പുകൾ മുഖേന കേരളത്തിൽ എത്തി.

കേരളത്തിന്റെ ഐ.ടി. കയറ്റുമതി നിലവിൽ ഒരു ലക്ഷം കോടിയോട് അടുക്കുകയാണ്. 2016-ൽ ഇത് 34,123 കോടി രൂപയായിരുന്നു, ഇപ്പോൾ 90,000 കോടിയോളം അധികമായി വർദ്ധിച്ചു. നിലവിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. 2016 മുതൽ 66,000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു.

സെമികണ്ടക്ടർ മേഖലയിലെ ഗവേഷണത്തിന് പ്രാധാന്യം നൽകും. കൊച്ചിയിലെ മേക്കർ വില്ലേജ്, രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹാർഡ്‌വെയർ ഇൻക്യുബേറ്ററാണ്. വയനാട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ പ്രാദേശിക ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി മേക്കർ വില്ലേജ് 2.0 പദ്ധതിക്ക് രൂപം നൽകും.

കഴിഞ്ഞ പത്ത് വർഷത്തിന്റെ പ്രത്യേകത, കേരള മാതൃകയെ ശക്തിപ്പെടുത്തി അതിന്റെ രണ്ടാം തലമുറ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞു എന്നതാണ് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. 2030 നെ ഒരു ഇൻ്റലിജൻസ് ദശകമായി കണ്ടുകൊണ്ടുള്ള കർമ്മപദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. എ.ഐ, റോബോട്ടിക്സ്, ബ്ലോക്ക് ചെയിൻ, ബിഗ് ഡാറ്റാ അനാലിസിസ് തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലെ ഉയർന്ന നൈപുണ്യ നിലവാരമുള്ള മാനവ വിഭവശേഷി കേരളത്തിന്റെ പ്രധാന ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഒരുക്കിയ പ്രീമിയം കോ വർക്കിംഗ് സ്പേസായ 'ഐ ബൈ ഇൻഫോപാർക്കി'ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. പൂർണ്ണമായി കേരളത്തിൽ രൂപകൽപ്പന ചെയ്ത ആദ്യത്തെ 5ജി ചിപ്പ് മുഖ്യമന്ത്രി പുറത്തിറക്കി. ഐ.ടി. വകുപ്പിന്റെ വിഷൻ 2031 ഡ്രാഫ്റ്റ് ഡോക്യുമെന്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com