പാലക്കാട്: വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.(Stray dog that bit bedridden woman confirmed to have rabies)
കഴിഞ്ഞ ദിവസമാണ് പുളിമ്പറമ്പ് സ്വദേശിനി വിശാലത്തിന് (55) തെരുവ് നായയുടെ കടിയേറ്റത്. വീടിന്റെ മുൻവശത്തെ ചായ്പ്പിൽ കട്ടിലിൽ കിടക്കുകയായിരുന്നു വിശാലം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കയ്യിലെ മാംസം പുറത്തുവരുന്ന രീതിയിൽ മാരകമായ അവസ്ഥയിലാണ് വീട്ടമ്മയ്ക്ക് കടിയേറ്റത്.
വിശാലത്തിന്റെ നിലവിളി കേട്ട് പരിസരത്തുള്ളവർ ഓടിയെത്തിയപ്പോഴേക്കും നായ ഓടിമറഞ്ഞു. ഉടൻ തന്നെ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.
നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊല്ലുകയും ജഡം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ എത്തിച്ച് പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഇതിനിടെ, കമ്മാന്തറയിൽ മറ്റൊരു പശുക്കുട്ടിക്കും പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. രണ്ടുമൂന്നു ദിവസമായി പശുക്കുട്ടിക്ക് പനിയും ഭക്ഷണത്തോടുള്ള വിമുഖതയും തുടർന്നതിനെ തുടർന്ന് വടക്കഞ്ചേരി വെറ്ററിനറി സർജൻ ഡോ. പി. ശ്രീദേവി പരിശോധന നടത്തിയതിലാണ് രോഗലക്ഷണം സംശയിക്കുന്നത്.
പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, ഈ നായയുടെ കടിയേൽക്കുകയോ മറ്റെന്തെങ്കിലും സംശയങ്ങളുള്ളവരോ ഉടൻ തന്നെ പേവിഷബാധയ്ക്കെതിരെയുള്ള ചികിത്സ തേടേണ്ടതാണെന്ന് ഡോക്ടർ അറിയിച്ചു.