പാലക്കാട്: വോട്ടർമാർക്ക് പണം നൽകി ജയിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും പാലക്കാട്ടെ ജനങ്ങൾ ആത്മാഭിമാനം പണയം വെക്കില്ലെന്നും ഷാഫി പറമ്പിൽ എംപി. വടക്കേ ഇന്ത്യയിൽ ശീലിച്ച പരീക്ഷണങ്ങൾ പാലക്കാട് നടക്കില്ലെന്ന് ബിജെപി മനസ്സിലാക്കണം. നേരായ മാർഗ്ഗത്തിലൂടെ ജയിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ ബിജെപി പരാജയം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.(You can’t buy Palakkad or Palakkad votes with money, says Shafi Parambil)
പ്രധാനമന്ത്രി നേരിട്ട് വന്ന് പ്രചാരണം നടത്തിയിട്ടും ഫലമില്ലെന്ന് സ്ഥാനാർത്ഥി തന്നെ സമ്മതിക്കുന്നതിന് തുല്യമാണ് ഈ പണം വിതരണം. രാഷ്ട്രീയ ബോധവും സ്ഥാനാർത്ഥികളോടുള്ള സ്നേഹവും മുൻനിർത്തി വോട്ട് ചെയ്യുന്ന പാലക്കാട്ടെ ശീലങ്ങളെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
രാജ്യം ഭരിക്കുന്ന പാർട്ടി തിരഞ്ഞെടുപ്പ് ചട്ടങ്ങളെയും ജനങ്ങളെയും പുല്ലുവില കൽപ്പിക്കുകയാണ്. വാഹനങ്ങളുടെ നിരയുമായി വന്ന് വീടുകളിൽ പണം നൽകുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

