കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലേറുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തിരുവല്ലയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ ഈ പരസ്യ പ്രസ്താവന. മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.(UDF will win, Ramesh Chennithala will become Chief Minister, PJ Kurien makes a big announcement)
തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യുഡിഎഫ് തന്നെ ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രമേശ് ചെന്നിത്തലയായിരിക്കും മുഖ്യമന്ത്രിയെന്നും പി.ജെ. കുര്യൻ പറഞ്ഞു. പാർട്ടിയാണ് ഇക്കാര്യം തീരുമാനിക്കുക എന്നാണ് രമേശ് പറയുന്നത്. എന്നാൽ തനിക്ക് ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല എന്നും കുര്യൻ കൂട്ടിച്ചേർത്തു.
അതേസമയം, യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു. എഐസിസിയുടെ നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചായിരിക്കും നേതൃസ്ഥാനം നിശ്ചയിക്കുകയെന്നും ഇവർ ആവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിനുള്ളിൽ മത്സരമില്ലെന്ന് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

