കൊച്ചി: സ്ഥാനാർത്ഥി നിർണ്ണയത്തിൽ എൽദോസ് കുന്നപ്പിള്ളിയെ തഴയുന്നു എന്ന സൂചനകൾ പുറത്തുവന്നതോടെ പെരുമ്പാവൂരിൽ കോൺഗ്രസ് പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങി. കുറുപ്പുംപടിയിലെ പാർട്ടി ഓഫീസിലേക്ക് ‘പെരുമ്പാവൂർ കുന്നപ്പിള്ളിക്കൊപ്പം’ എന്ന ബാനറുകളേന്തി പ്രവർത്തകർ പ്രകടനം നടത്തി.(Protesters take to the streets for Eldhose Kunnappilly in Perumbavoor)
മറ്റ് സിറ്റിംഗ് എംഎൽഎമാർക്കെല്ലാം സീറ്റ് നൽകുമ്പോൾ തന്നെ മാത്രം ഒഴിവാക്കുന്നത് രാഷ്ട്രീയമായ നീതികേടാണെന്നാണ് എൽദോസ് കുന്നപ്പിള്ളിയുടെ പക്ഷം. സീറ്റ് നിഷേധിച്ചാൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കണമെന്ന ആവശ്യവുമായി അനുയായികൾ എൽദോസിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് നേതൃത്വം അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാൻ ശ്രമിക്കുന്നത്. അനുനയ ചർച്ചകൾക്കായി രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ടെങ്കിലും, അണികളുടെ ഈ പരസ്യമായ പ്രതിഷേധം ഹൈക്കമാൻഡിന് മേൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്.

