കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഒരിടത്തുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങളുടെ മനസ്സ് എൽഡിഎഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഉയരുന്ന സിപിഎം-ബിജെപി ഡീൽ ആരോപണങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, സംസ്ഥാനത്ത് എൽഡിഎഫ് തരംഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണവിരുദ്ധ വികാരം പ്രകടമാകുമെന്ന് പ്രതീക്ഷിച്ച് നടന്നവർക്ക് കടുത്ത നിരാശയാണ് ജനങ്ങൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.(No anti-government sentiment, Chief Minister with confidence)
2021-ലെ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കിയാണ് സർക്കാർ ഇക്കുറി ജനവിധി തേടുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ചെയ്യുന്നത് പറയുക, പറയുന്നത് ചെയ്യുക എന്നതാണ് എൽഡിഎഫ് നയം. വികസനത്തോടൊപ്പം ജനക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാൻ സർക്കാരിന് കഴിഞ്ഞു. ഈ മുന്നേറ്റം ശക്തിപ്പെടുത്താൻ എൽഡിഎഫിന് വോട്ട് ചെയ്യണം, അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. യുഡിഎഫ് കാലത്തെ അഴിമതി ആരോപണങ്ങൾ ഓർമ്മിപ്പിച്ച അദ്ദേഹം, രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത് എൽഡിഎഫ് സംസ്കാരത്തിന്റെ ഫലമാണെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിയമസഭാ സമ്മേളനത്തിൽ പോലും സർക്കാരിനെതിരെ ഒരു ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ അബദ്ധജഡിലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ പ്രധാന തസ്തികയിൽ ഇരിക്കുന്ന ഒരാൾക്ക് ഉണ്ടാകേണ്ട ഉത്തരവാദിത്തബോധം അദ്ദേഹത്തിനില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാരോടുള്ള കോൺഗ്രസിന്റെ സമീപനം കെജ്‌രിവാളിന്റെ കാര്യത്തിൽ വ്യക്തമായതാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെ രാഹുലോ കോൺഗ്രസോ ഒരക്ഷരം സംസാരിച്ചിട്ടില്ല, അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം-ബിജെപി ഡീൽ ആരോപണം കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഎംഎസിനെയും എകെജിയെയും തോൽപ്പിക്കാൻ മുൻകാലങ്ങളിൽ കോൺഗ്രസ് ജനസംഘവുമായും ആർഎസ്എസുമായും കൈകോർത്ത ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. നേമത്ത് ഒ. രാജഗോപാൽ അക്കൗണ്ട് തുറന്നതും തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതും കോൺഗ്രസ് വോട്ടുകൾ മറിച്ചതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപി നേതൃനിരയിലുള്ളവരിൽ 30 ശതമാനവും കോൺഗ്രസിൽ നിന്ന് പോയവരാണെന്നും കോൺഗ്രസ് നേതാക്കളുടെ മക്കൾ ഇന്ന് എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ഡീൽ കോൺഗ്രസിന് ചേരുന്ന കുപ്പായമാണെന്നും എൽഡിഎഫിന് അത് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തനിക്കെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ പരാമർശങ്ങളെക്കുറിച്ച് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ കാണിക്കേണ്ട ചില രീതികളും മര്യാദകളുമുണ്ട്. രേവന്ത് റെഡ്ഡിയുടെ ഇടപെടലുകൾ ആ സ്ഥാനത്തിന് ചേർന്നതാണോ എന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കട്ടെ, എന്ന് മുഖ്യമന്ത്രി പറഞ്ഞു. രേവന്ത് റെഡ്ഡി പരസ്യമായി അധിക്ഷേപം ഉന്നയിച്ച സാഹചര്യത്തിൽ താൻ പരസ്യമായി തന്നെ ഇതിന് മറുപടി നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രേവന്ത് റെഡ്ഡിയുടെ ‘പോ മോനേ വിജയാ’ എന്ന വിളിക്കുള്ള മറുപടിയായി, “ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്” എന്ന് മുഖ്യമന്ത്രി പറഞ്ഞു. തൽക്കാലം ഇത്രമാത്രമേ പറയുന്നുള്ളൂ എന്നും വിശദമായ മറുപടി പിന്നീട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

