ഇടുക്കി: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടുക്കിയിലെ കട്ടപ്പനയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൽഡിഎഫ് ഇപ്പോൾ ഇടതുപക്ഷമല്ലാതായി മാറിയെന്നും ബിജെപിയെപ്പോലെ ഒരു കോർപ്പറേറ്റ് പാർട്ടിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Kerala’s health sector has collapsed, says Rahul Gandhi in Idukki)
ഇടുക്കിയുടെ വികസന മുരടിപ്പിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. ഇടുക്കിയിൽ ഇന്നേവരെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പോലുമില്ല. ഗുരുതരമായ സാഹചര്യങ്ങളിൽ ഇവിടുള്ളവർക്ക് കോട്ടയത്തെയോ എറണാകുളത്തെയോ ആശ്രയിക്കേണ്ടി വരുന്നു. ഇത് സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ തകർച്ചയാണ് കാണിക്കുന്നത്.
ആയിരക്കണക്കിന് ആളുകൾക്ക് ഇടുക്കിയിൽ പട്ടയം ലഭിക്കാനുണ്ട്. പട്ടയമുണ്ടായിട്ടും പലർക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മൂന്നിലൊന്ന് യുവാക്കൾക്കും ജോലിയില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ജോലി കിട്ടണമെങ്കിൽ സിപിഎമ്മിന്റെ ഒപ്പം നിൽക്കണമെന്നതാണ് അവസ്ഥ. ഇതോടെ യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകുന്നു. ഇത് സർക്കാരിന്റെ വലിയ പരാജയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും രാഹുൽ കടന്നാക്രമിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത് പോലെയാണ് മോദി പ്രവർത്തിക്കുന്നത്. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ അഴിമതികളെക്കുറിച്ച് കേരളത്തിലെ കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും അറിയാം. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി ശബരിമലയിലെ സ്വർണ്ണക്കവർച്ചയെക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

