കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരൻ, ഹൈക്കമാൻഡിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാതെ ഡൽഹിയിലേക്കില്ലെന്ന നിലപാടിലാണ്. നാളെ ചർച്ചയ്ക്കായി രാഹുൽ ഗാന്ധി വിളിപ്പിച്ചെങ്കിലും സുധാകരൻ ഇതുവരെ മനസ്സ് തുറന്നിട്ടില്ല.(K Sudhakaran’s tough stance for Kannur, Will he not go to Delhi for high command discussions tomorrow?)
എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന പൊതുതീരുമാനത്തിനിടെ, അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. കേരളത്തിലെ നേതാക്കളുമായി ഇനി ചർച്ചയ്ക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്ന കെപിസിസി നിലപാടിൽ മാറ്റമില്ലാത്തതാണ് സുധാകരനെ പ്രകോപിപ്പിച്ചത്.
സുധാകരന്റെ കടുംപിടുത്തത്തിൽ ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ട്. അനാവശ്യ വിവാദങ്ങൾ പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയം വഷളാകാതിരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അനുനയ നീക്കങ്ങളുമായി രംഗത്തെത്തി.

