കൊച്ചി: സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന സൂചനകൾ ശക്തമായതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ നീക്കവുമായി എൽദോസ് കുന്നപ്പിള്ളി. സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തനിക്ക് മാത്രം സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമാണ് എൽദോസിന്റെ പക്ഷം.(Eldhose Kunnappilly’s move to contest as an independent in Perumbavoor)
സീറ്റ് ഉറപ്പിക്കാനായി രണ്ടാം തവണയും ഡൽഹിയിൽ പോയി മുതിർന്ന നേതാക്കളെ കണ്ടെങ്കിലും എൽദോസിന് അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് അദ്ദേഹം കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാനാണ് പ്രാഥമിക ആലോചനയെങ്കിലും, പറവൂരിലും മത്സരിക്കാൻ എൽദോസ് ക്യാമ്പ് ആലോചിക്കുന്നുണ്ട്. എൽദോസ് സ്വതന്ത്രനായി മത്സരിക്കണമെന്ന ആവശ്യവുമായി മണ്ഡലത്തിലെ ഒരു വിഭാഗം പ്രവർത്തകരും അനുയായികളും രംഗത്തുണ്ട്.

