പത്തനംതിട്ട: ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലും അടൂർ മണ്ഡലം ഉൾപ്പെടാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. ആശാനാഥിനെ അടൂരിലേക്ക് ബിജെപി പരിഗണിക്കുന്നതാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന. സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന ഒരു മുഖത്തെ മണ്ഡലത്തിൽ ഇറക്കണമെന്ന പാർട്ടി നിർദ്ദേശമാണ് ആശാനാഥിലേക്ക് എത്തിയത്.(BJP makes surprise move in Adoor, Asha Nath may be the candidate)
നിലവിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായ അവർക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച ആശാനാഥ് 30,986 വോട്ടുകൾ നേടി കരുത്ത് തെളിയിച്ചിരുന്നു.
ബിജെപി ജില്ലാ സെക്രട്ടറി രൂപേഷ് അടൂർ, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ എന്നിവരുടെ പേരുകളും പട്ടികയിലുണ്ടെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന ഘടകം. എൽഡിഎഫിന്റെ ഉറച്ച കോട്ടയായ അടൂരിൽ ചിറ്റയം ഗോപകുമാർ തുടർച്ചയായി മൂന്ന് തവണ വിജയിച്ചിരുന്നു. ഇത്തവണ സിപിഐയിലെ പ്രിജി കണ്ണനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

