പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്ന പാലക്കാട് ജില്ലയിൽ പ്രമുഖ സ്ഥാനാർത്ഥികൾക്ക് തലവേദനയായി അപരൻമാർ രംഗത്ത്. ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലങ്ങളിലാണ് പ്രധാനമായും അപരൻമാർ പത്രിക നൽകിയിട്ടുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ ഇന്നും ഇവർ പിന്മാറാത്തത് മുന്നണികളെ ആശങ്കയിലാക്കുന്നു.(Battle of the dummy candidates in Palakkad, PK Sasi gets challenged as Sasi PK contests)
പി.കെ. ശശിക്ക് അപരനായി ശശി പി.കെ. രംഗത്തുണ്ട്. പേരിനോടുള്ള സാമ്യം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുമോ എന്ന ഭയത്തിലാണ് യുഡിഎഫ് ക്യാമ്പ്. പത്രിക പിൻവലിപ്പിക്കാൻ അവസാന നിമിഷം വരെ ശ്രമങ്ങൾ നടന്നുവെങ്കിലും അത് വിജയിച്ചില്ല.
ജില്ലയിൽ ഏറ്റവും കൂടുതൽ അപരൻമാരുള്ള മണ്ഡലങ്ങളിലൊന്നാണ് മണ്ണാർക്കാട്. യുഡിഎഫ് സ്ഥാനാർത്ഥി എൻ. ഷംസുദ്ദീന് രണ്ട് അപരൻമാരാണുള്ളത്. ഷംസുദ്ദീൻ എടത്തനാട്ടുകര, ഷംസുദ്ദീൻ കർക്കിടാംകുന്ന് എന്നിവർ ആണിത്. എൽഡിഎഫ് സ്ഥാനാർത്ഥി മൻസിൽ അബൂബക്കറിന് അപരനായി അബൂബക്കർ കൊറ്റൻകോടൻ പത്രിക നൽകിയിട്ടുണ്ട്. പട്ടാമ്പിയിൽ രണ്ട് അപരൻമാരാണുള്ളത്. മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്സിൻ പി.കെയും, ടി.പി. ഷാജിക്ക് അപരനായി ഷാജി മോനും മത്സരിക്കുന്നു. തൃത്താല, കോങ്ങാട്, ഷൊർണൂർ മണ്ഡലങ്ങളിൽ നിലവിൽ അപരൻമാരില്ല.

