തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ പെരുമ്പാവൂർ മണ്ഡലത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം കോൺഗ്രസിനുള്ളിൽ മുറുകുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് സീറ്റ് നൽകുന്നതിൽ വിമുഖത പ്രകടിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. (Assembly elections, Uncertainty over Eldhose Kunnappilly’s candidacy)
ഈ മാസം 26-ന് കോടതി കേസ് പരിഗണിക്കുമ്പോൾ പ്രതികൂല പരാമർശങ്ങൾ ഉണ്ടാകുമോ എന്ന ഭയത്തിലാണ് നേതൃത്വം. എൽദോസ് ഇന്ന് ഡൽഹിയിലെത്തി മുതിർന്ന നേതാക്കളെ കാണും. മണ്ഡലത്തിലെ നിർണ്ണായക ശക്തിയായ യാക്കോബായ വിഭാഗത്തെ പിണക്കരുതെന്ന് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. സീറ്റ് നിഷേധിച്ചാലും കോൺഗ്രസുകാരനായി തന്നെ തുടരും എന്നാണ് എൽദോസ് മാധ്യമങ്ങളോട് പറഞ്ഞത്. അതിനിടെ, എൽദോസ് കുന്നപ്പിള്ളി ട്വന്റി 20-യിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ സാബു ജേക്കബ് തള്ളി.

