പത്തനംതിട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് (Maria Oommen Candidate). കോന്നിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മറിയ ഉമ്മനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
“ഞങ്ങൾ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ്, പക്ഷേ തലവിധി മറ്റൊന്നായതുകൊണ്ട് നടന്നില്ല എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ” – എന്നായിരുന്നു അടൂർ പ്രകാശിന്റെ വാക്കുകൾ. മറിയ ഉമ്മൻ വേദിയിലേക്ക് എത്തിയ സമയത്തായിരുന്നു അദ്ദേഹം ഈ പരാമർശം നടത്തിയത്.
കോന്നി എനിക്ക് വീട് പോലെയാണെന്നും ഇവിടുത്തെ ജനങ്ങളുടെ സ്നേഹം ഇന്നും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിലിനെ വിജയിപ്പിക്കുക എന്നതാണ് തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണത്തിൽ വന്നാൽ ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്നും ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ മുങ്ങാൻ പോകുന്ന കപ്പൽ പോലെയാണെന്നും 100 സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആറ്റിങ്ങലിലെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം തന്നെ കോന്നിയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കായി താൻ ഇപ്പോഴും ഇടപെടാറുണ്ടെന്ന് അദ്ദേഹം വിമർശകർക്ക് മറുപടി നൽകി.
മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു എന്ന വെളിപ്പെടുത്തൽ വരാനിരിക്കുന്ന ദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നേക്കാം. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് പുതുപ്പള്ളിക്ക് പുറത്തൊരു മണ്ഡലത്തിലേക്ക് കൂടി പ്രാതിനിധ്യം ഉണ്ടാകുമോ എന്നതായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയിരുന്നത്.
Story Summary:
UDF Convenor Adoor Prakash confirmed that Maria Oommen, daughter of late CM Oommen Chandy, was considered as a candidate for the current assembly elections. Speaking at the Konni election convention with Maria Oommen on stage, he remarked that although discussions were held, “destiny had other plans.” He urged voters to support UDF candidate Sathish Kochuparambil and promised benefits like ₹3000 welfare pension if the UDF returns to power with 100 seats.

