കൊച്ചി: തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തന്നോടൊപ്പം നിന്ന വോട്ടർമാർക്കും യുഡിഎഫ് പ്രവർത്തകർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ. മണ്ഡലത്തിലെ വിയർപ്പും അധ്വാനവും പുതിയൊരു ചരിത്രമെഴുതുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(A new history will be written, Sandeep Varier thanks workers and voters)
അറുപത് വർഷക്കാലത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിച്ച് മാറ്റത്തിന്റെ പുതുപുലരി തൃക്കരിപ്പൂരിൽ ഉദിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. യുഡിഎഫിന്റെ ഓരോ പ്രവർത്തകനും നേതാക്കളും രാപ്പകൽ ഭേദമില്ലാതെ കർമ്മനിരതരായെന്നും ആ ഐക്യമാണ് വിജയപ്രതീക്ഷയുടെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃക്കരിപ്പൂരിന്റെ മണ്ണിൽ സ്ഥാനാർത്ഥിയായി കാലുകുത്തിയ നിമിഷം മുതൽ തന്നെ പൊതിഞ്ഞ ആവേശവും സ്നേഹവായ്പും വാക്കുകൾക്ക് അതീതമാണ്. നമ്മുടെ വിയർപ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണിൽ ഒരു പുതിയ ചരിത്രമെഴുതും. ഈ പോരാട്ടത്തിൽ തന്നോടൊപ്പം നിന്ന ഓരോ പ്രവർത്തകന്റെയും മുഖം മനസ്സിലുണ്ട് എന്നും സന്ദീപ് വാര്യർ പറഞ്ഞു. പ്രചാരണത്തിന് വലിയ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകിയ നേതൃത്വങ്ങളോടും അദ്ദേഹം കടപ്പാട് അറിയിച്ചു. ജാതി-മത-കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി തന്നെ സ്വീകരിച്ച തൃക്കരിപ്പൂരിലെ ജനങ്ങൾക്കായി നാടിന്റെ വികസനത്തിനായി എന്നും ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

