
പാട്യം കുടുംബാരോഗ്യ കേന്ദ്രത്തിന് 97% മാർക്കോടെ എൻക്യുഎഎസ് (നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്) പുനരംഗീകാരം. ഇതോടെ എൻക്യുഎഎസ് ലഭിച്ച ജില്ലയിലെ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ് ലഭിച്ച ജില്ലയും കണ്ണൂരാണ്. അംഗീകാരം ലഭിച്ചതോടെ പാട്യം കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ട് ലക്ഷം രൂപ വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇത് കൂടുതൽ സഹായിക്കും.
എൻക്യുഎഎസ് അംഗീകാരത്തിന് മൂന്നു വർഷ കാലാവധിയാണുളളത്. ഇതിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.
ദേശീയ ആരോഗ്യ പരിപാടി, ജനറൽ അഡ്മിനിസ്‌ട്രേഷൻ, ഒ.പി., ലാബ് എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലാണ് പരിശോധന നടന്നത്. ഇതിൽ രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും, വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ – ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്.