
ജംഷഡ്പൂർ: ഭരണഘടന തകർക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.(Rahul Gandhi)
ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്: രാജ്യത്ത് രണ്ട് ആശയങ്ങൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഒരു വശത്ത് 'ഇന്ത്യ' സഖ്യം. മറുവശത്ത് ബിജെപിയും ആർഎസ്എസും. ഒരു വശത്ത് സ്നേഹ ഐക്യവും സാഹോദര്യവുമുണ്ട്. മറുവശത്ത് വെറുപ്പും അക്രമവും ദേഷ്യവുമുണ്ട്- രാഹുൽ ഗാന്ധി പറഞ്ഞു.
കോടീശ്വരന്മാർക്ക് ബിജെപി നൽകുന്ന ഫണ്ട് ജനങ്ങൾക്ക് നൽകണമെന്നാണ് 'ഇന്ത്യ' സഖ്യത്തിൻ്റെ ആവശ്യം. സ്ത്രീകളാണ് രാജ്യത്തിൻറെ നട്ടെല്ല് , എന്നാൽ രാജ്യത്തെ വിലക്കയറ്റം സ്ത്രീകളെ സാരമായി ബാധിച്ചു-അദ്ദേഹം പറഞ്ഞു.ആളുകൾക്ക് പണമുള്ളപ്പോൾ അവർ അത് ചെലവഴിക്കുന്നു. ഇത് പുതിയ ഫാക്ടറികൾ സൃഷ്ടിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇതാണ് ഞങ്ങളുടെ നയം. പ്രധാനമന്ത്രി മോദി യുവാക്കളെ തൊഴിൽരഹിതരാക്കിയെന്നും രാഹുൽഗാന്ധി പറഞ്ഞു.
പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി 10 ലക്ഷം തൊഴിലവസരങ്ങൾ ഞങ്ങൾ സൃഷ്ടിക്കും. സംവരണത്തിനുള്ള 50 ശതമാനം എന്ന നിയന്ത്രണം ഞങ്ങൾ നീക്കം ചെയ്യും. ജാർഖണ്ഡിൽ ദലിതർക്കും പട്ടികവർഗക്കാർക്കും പിന്നോക്കക്കാർക്കും സംവരണം വർധിപ്പിക്കും- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.