വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ ആയത്തുള്ള മൊജ്താബ ഖമേനിയെ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ അനുമതിയില്ലാതെ ഇറാനിലെ പുതിയ നേതൃത്വത്തിന് അധികകാലം അധികാരത്തിൽ തുടരാനാകില്ലെന്നും ഇറാന്റെ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.(Won’t ‘last long’ without our approval, Trump to Iran’s new supreme leader)
പുതിയ നേതാവ് ഞങ്ങളുടെ അംഗീകാരം നേടേണ്ടതുണ്ട്. അമേരിക്കയുടെ അനുമതിയില്ലാതെ ഇറാനിലെ പുതിയ നേതൃത്വത്തിന് നിലനിൽപ്പില്ല, ട്രംപ് പറഞ്ഞു. മൊജ്താബ ഖമേനിയെ ഒരു ‘ലൈറ്റ്‌വെയ്റ്റ്’ നേതാവ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അദ്ദേഹം ഒട്ടും സ്വീകാര്യനല്ലെന്നും ഇറാന് വേണ്ടത് സമാധാനവും ഐക്യവും കൊണ്ടുവരുന്ന പുതിയൊരു നേതാവിനെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇറാനുമായുള്ള യുദ്ധം എപ്പോൾ അവസാനിപ്പിക്കണം എന്നത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചേർന്ന് എടുക്കുന്ന സംയുക്ത തീരുമാനമായിരിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മൊജ്താബ അധികാരം ഏറ്റെടുത്തത്.

