Description
Digital Voice of Kerala
Tuesday, March 3, 2026

Digital Voice of Kerala
HomeIran Israel Conflictപാകിസ്ഥാനിൽ US മറീനുകൾ വെടിയുതിർത്തെന്ന് സ്ഥിരീകരണം: രാജ്യത്ത് 23 മരണം, വിസ...

പാകിസ്ഥാനിൽ US മറീനുകൾ വെടിയുതിർത്തെന്ന് സ്ഥിരീകരണം: രാജ്യത്ത് 23 മരണം, വിസ സേവനങ്ങൾ റദ്ദാക്കി, ബഹ്‌റൈനിൽ US താവളം ആക്രമിച്ചെന്ന് ഇറാൻ | US Marines

കറാച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പ്രതിഫലനമായി പാകിസ്ഥാനിൽ അമേരിക്കൻ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു. കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ യുഎസ് മറീനുകൾ നേരിട്ട് വെടിയുതിർത്തതായി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച നടന്ന ഈ സംഭവത്തിൽ അമേരിക്കൻ സൈനികരുടെ ഇടപെടൽ ഇതാദ്യമായാണ് സ്ഥിരീകരിക്കുന്നത്.(US Marines confirmed to have opened fire in Pakistan, 23 dead in the country)

പ്രതിഷേധക്കാർ കോൺസുലേറ്റിന്റെ പുറംമതിൽ തകർത്തതിനെത്തുടർന്നാണ് മറീനുകൾ വെടിയുതിർത്തതെന്നാണ് സൂചന. കറാച്ചിയിലെ കോൺസുലേറ്റിന് മുന്നിൽ നടന്ന വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതായി പ്രവിശ്യാ സർക്കാർ വക്താവ് സുഖ്ദേവ് അസർദാസ് ഹേംനാനി സ്ഥിരീകരിച്ചിട്ടുണ്ട്.

ക്രമസമാധാന നില പൂർണ്ണമായും തകർന്ന പശ്ചാത്തലത്തിൽ അമേരിക്ക കടുത്ത നടപടികളിലേക്ക് കടന്നു. ഇസ്ലാമാബാദിലെ എംബസിയിലും കറാച്ചി, ലാഹോർ കോൺസുലേറ്റുകളിലും വിസ സർവീസുകളും അമേരിക്കൻ പൗരന്മാർക്കുള്ള അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി. നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെയുള്ള ആക്രമണം കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്കാണ് ഈ നിയന്ത്രണം.

ഖമനെയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിലുടനീളം നടന്ന സംഘർഷങ്ങളിൽ ഇതുവരെ 23 പേർ കൊല്ലപ്പെട്ടു. ഗിൽജിത്ത്-ബാൾട്ടിസ്ഥാനിലെ സ്കർദു ജില്ലയിൽ 11 പേർ കൊല്ലപ്പെട്ടു. ഇവിടത്തെ ഐക്യരാഷ്ട്രസഭയുടെ ഓഫീസുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ അതിശക്തമായ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ടു. ബഹ്‌റൈനിലെ ഷെയ്ഖ് ഇസ മേഖലയിൽ സ്ഥിതി ചെയ്യുന്ന താവളത്തിന് നേർക്കാണ് ആക്രമണം ഉണ്ടായതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഔദ്യോഗികമായി അവകാശപ്പെട്ടു. 20 ഡ്രോണുകളും മൂന്ന് ദീർഘദൂര മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

താവളത്തിലെ പ്രധാന കമാൻഡ് സെന്ററുകൾ, ഹെഡ്‌ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ എന്നിവ തകർക്കപ്പെട്ടതായും ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചതായും ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് കനത്ത പ്രഹരം ഏൽപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് ഇറാൻ അവകാശവാദം ഉന്നയിച്ചെങ്കിലും ബഹ്‌റൈൻ ഭരണകൂടമോ അമേരിക്കൻ പ്രതിരോധ വിഭാഗമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala