വാഷിംഗ്ടൺ: നാറ്റോ സഖ്യത്തിനായി അമേരിക്ക ചെലവാക്കുന്ന ട്രില്യൺ കണക്കിന് ഡോളർ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിൽ നാറ്റോ സഖ്യകക്ഷികൾ അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.(Trump rejects NATO alliance, takes tough stance on naval blockade in Strait of Hormuz)
റഷ്യയിൽ നിന്നുള്ള സംരക്ഷണത്തിനായി നാറ്റോ രാജ്യങ്ങൾക്കായി യുഎസ് വൻതുക ചെലവാക്കുന്നത് പരിഹാസ്യമാണെന്ന് ട്രംപ് പറഞ്ഞു. അവർ നമുക്കൊപ്പം ഉണ്ടായിരുന്നില്ല. റഷ്യയിൽ നിന്നുള്ള സംരക്ഷണത്തിനായി നാറ്റോയ്ക്ക് വേണ്ടി ട്രില്യൺ കണക്കിന് ഡോളറാണ് യുഎസ് ചെലവാക്കുന്നത്. ഇത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കും, ഡൊണാൾഡ് ട്രംപ് കൂട്ടിച്ചേർത്തു.
നാറ്റോ സഖ്യത്തിൽ അമേരിക്ക തുടരുന്നതിനെത്തന്നെ ചോദ്യം ചെയ്ത ട്രംപ്, സഖ്യത്തിലെ 32 രാജ്യങ്ങളും അർഹമായ വിഹിതം നൽകുന്നില്ലെന്ന തന്റെ പഴയ നിലപാട് ആവർത്തിച്ചു. രാവിലെ 10 മണി മുതൽ ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എന്നാൽ, അമേരിക്കയുടെ ഈ നാവിക ഉപരോധത്തെ എന്തു വിലകൊടുത്തും പ്രതിരോധിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

