ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി മാരകമായ പരിക്കുകളോടെ ആശുപത്രിയിൽ ആണെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഫെബ്രുവരി 28-ന് പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ തന്നെയാണോ 56-കാരനായ മൊജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റതെന്നത് വ്യക്തമല്ല. ബ്രിട്ടീഷ് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. (Reports claimed Mojtaba Khamenei was in coma, officials deny)
നിലവിൽ അദ്ദേഹം കോമയിലാണെന്നും പരിക്കേറ്റതിനെത്തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാനിലെ സിന യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സൈന്യത്തിന്റെ കർശനമായ കാവലിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത് എന്നാണ് സൂചന. ബോംബാക്രമണത്തിൽ വയറിനും കരളിനും മാരകമായി പരിക്കേറ്റിട്ടുണ്ട്.
ഇറാന്റെ ആരോഗ്യ മന്ത്രിയും പ്രമുഖ ട്രോമ സർജനുമായ മുഹമ്മദ് റെസ സഫർഗന്ദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സകൾ നടക്കുന്നത്. ആശുപത്രിയുടെ നിയന്ത്രണം പൂർണ്ണമായും സൈന്യം ഏറ്റെടുത്തതോടെ ആരോഗ്യനിലയെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നില്ല.
എന്നാൽ, നേതാവ് ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ ഇറാൻ സ്റ്റേറ്റ് മീഡിയ തള്ളിക്കളഞ്ഞു. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്നും പിതാവിന്റെ വധത്തിന് പകരം വീട്ടുമെന്നും മൊജ്തബയുടെ പേരിൽ കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തുവിട്ടിരുന്നു. എന്നാൽ, മൊജ്തബ ഖമേനി നേരിട്ട് ദൃശ്യമാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്തത് ജനതയ്ക്കിടയിലും സൈന്യത്തിനുള്ളിലും വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

