ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി ഇറാനെ അറിയിച്ചു. ഇറാനെതിരെ യുഎസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം നടക്കുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്ത ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ ചർച്ചയാണിത്.(PM Modi speaks to Iranian President, Expresses concern over deteriorating situation )
സംഭാഷണത്തിന്റെ വിവരങ്ങൾ പ്രധാനമന്ത്രി എക്സിലൂടെ പങ്കുവെച്ചു. സംഘർഷം മൂലം സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്ന് മോദി വ്യക്തമാക്കി.
ചരക്ക്-ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരേണ്ടത് ആഗോള സ്ഥിരതയ്ക്ക് അത്യാവശ്യമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇറാനിയൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയാണ് മോദി-പെസഷ്‌കിയാൻ ചർച്ച നടന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സഞ്ചാരത്തിന് ഇറാൻ പച്ചക്കൊടി കാട്ടിയതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചകളാണ് ഇത്തരമൊരു ധാരണയിലേക്ക് വഴിതുറന്നതെന്നാണ് സൂചന. എന്നാൽ, വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായില്ല. മേഖലയിലെ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ തുടർച്ചയായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

