വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം ആഗോള ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണമെന്നും അല്ലാത്തപക്ഷം ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. എന്നാൽ, തങ്ങളുടെ ഇന്ധന-ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ അമേരിക്കയുടെ എല്ലാ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യം തിരിച്ചടിച്ചു.(Open the Strait of Hormuz within 48 hours, Trump issues ultimatum to Iran)
ലോകത്തിലെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. യുദ്ധം തുടങ്ങിയതോടെ ഈ വഴിയിലുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയാണ്. യുഎസിനും സഖ്യകക്ഷികൾക്കും ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും കടലിടുക്ക് തുറന്നുനൽകിയിട്ടുണ്ടെന്നാണ് ഇറാന്റെ വാദം.
കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കാൻ പല രാജ്യങ്ങളും തങ്ങളെ സമീപിക്കുന്നുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുദ്ധം രൂക്ഷമാകുന്നതിനിടെ തന്നെ സമാധാനത്തിനുള്ള രഹസ്യ നീക്കങ്ങളും ട്രംപ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാനുമായി പുതിയൊരു “സമാധാന കരാർ” രൂപീകരിക്കാൻ ട്രംപ് ലക്ഷ്യമിടുന്നു. തന്റെ വിശ്വസ്തരായ ജാരെഡ് കുഷ്നർ, സ്റ്റീവൻ വിറ്റ്കോഫ് എന്നിവരെ ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്താൻ ട്രംപ് ചുമതലപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ‘അബ്രഹാം കരാറുകൾക്ക്’ ചുക്കാൻ പിടിച്ച കുഷ്നറുടെ സാന്നിധ്യം ചർച്ചകൾക്ക് വലിയ പ്രാധാന്യം നൽകുന്നു. ഇറാന്റെ ആണവ പദ്ധതികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരമായി അവർക്കുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുന്ന പാക്കേജാണ് അമേരിക്ക മുന്നോട്ട് വെക്കുന്നത്. തനിക്ക് വേണ്ടത് യുദ്ധമല്ല സമാധാനമാണെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും ഇസ്രായേൽ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

