വാഷിംഗ്ടൺ: ഇസ്ലാമാബാദിൽ നടന്ന ചരിത്രപരമായ യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത സൈനിക നീക്കത്തിന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ നാവിക ഉപരോധം ഏർപ്പെടുത്താനുള്ള തന്ത്രങ്ങൾ വിശദീകരിക്കുന്ന ലേഖനം ട്രംപ് പങ്കുവെച്ചു. ഇതോടെ രണ്ടാഴ്ച നീണ്ടുനിന്ന വെടിനിർത്തലിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായി.(Naval blockade if Iran does not comply, Trump after failed peace talks)
ശനിയാഴ്ച രാത്രി വൈകിയും നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിൽ കരാറിലെത്താൻ സാധിച്ചില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്ഥിരീകരിച്ചു. ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണം.
ഇറാൻ വഴങ്ങുന്നില്ലെങ്കിൽ അവരുടെ എണ്ണ കയറ്റുമതി തടയുന്ന രീതിയിലുള്ള ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ചാണ് ട്രംപ് സൂചന നൽകിയത്. മുൻപ് വെനസ്വേലയ്‌ക്കെതിരെ പ്രയോഗിച്ചതിന് സമാനമായ തന്ത്രങ്ങൾ ഇറാന് നേരെയും ഉപയോഗിച്ചേക്കാം. ഇത് ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്കും വലിയ പ്രതിസന്ധിയുണ്ടാക്കും.
അമേരിക്കയുടെ അവസാന വാഗ്ദാനവും ഇറാൻ നിരസിക്കുകയാണെങ്കിൽ, ടെഹ്റാനെ ബോംബിട്ട് ‘ശിലായുഗത്തിലേക്ക്’ അയക്കുമെന്ന് ട്രംപ് നേരത്തെ നൽകിയ മുന്നറിയിപ്പ് ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. ഇസ്ലാമാബാദ് ചർച്ചകൾക്ക് മുൻപ് തന്നെ അമേരിക്ക വലിയൊരു സൈനിക നീക്കത്തിന് സൂചന നൽകിയിരുന്നു. അത്യാധുനിക ആയുധങ്ങളുമായി യുഎസ് കപ്പലുകൾ സജ്ജമാണെന്നും ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം ഏതു നിമിഷവും വർദ്ധിച്ചേക്കാമെന്ന ആശങ്കയാണ് ഇത് ഉയർത്തുന്നത്. 21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ കരാറില്ലാതെ വാൻസും സംഘവും മടങ്ങിയതോടെ മേഖലയിലെ സൈനിക നടപടികൾ അമേരിക്ക വീണ്ടും ശക്തമാക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

