ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പൂർണ്ണമായി തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഇറാൻ. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ രാജ്യത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗം മാത്രമാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു.(Iran says it has not blocked shipping in the Strait of Hormuz)
ഇറാനെതിരെയുള്ള നീക്കങ്ങളിൽ ഏർപ്പെടുന്ന ശത്രുപക്ഷത്തുള്ള രാജ്യങ്ങൾക്ക് മാത്രമാണ് വിലക്ക് ബാധകമാകുകയെന്ന് ഇറാൻ വ്യക്തമാക്കി. ഇതിൽ പ്രധാനമായും അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകില്ലെന്ന് രാജ്യം ആവർത്തിച്ചു. മേഖലയിൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നിയന്ത്രണങ്ങൾ. ഇറാന്റെ നിർദ്ദേശങ്ങൾ പാലിക്കുന്ന മറ്റു രാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്കിലൂടെയുള്ള യാത്ര തടസ്സപ്പെടില്ലെന്നും അധികൃതർ വിശദീകരിച്ചു.
മേഖലയിലെ നിലവിലെ അനിശ്ചിതാവസ്ഥയ്ക്ക് ഉത്തരവാദികൾ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാൻ ആരോപിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിലെ പ്രശ്നപരിഹാരത്തിനായി ചർച്ചകൾ ആരംഭിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണയുമായി ജി 7 രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

