ന്യൂഡൽഹി: അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പൽ ഐആർഐഎസ് ദെനയെ ചൊല്ലി ചർച്ചകൾ. കൊല്ലപ്പെട്ട 87 നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത സാഹചര്യത്തിൽ, തങ്ങളുടെ കപ്പൽ ഇന്ത്യൻ നാവികസേനയുടെ അതിഥിയായിരുന്നുവെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ രംഗത്തെത്തി.(Iran calls IRIS Dena India’s guest, India says ship has not sought help since February 25)
റിപ്പോർട്ട് പ്രകാരം, കപ്പൽ ഇന്ത്യൻ അതിഥിയായിരുന്ന കാലയളവ് സംബന്ധിച്ച് ഇന്ത്യ വ്യക്തത വരുത്തിയിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ 25 വരെ വിശാഖപട്ടണത്ത് നടന്ന ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാത്രമാണ് കപ്പൽ ഇന്ത്യയുടെ ഔദ്യോഗിക അതിഥിയായിരുന്നത്. ഫെബ്രുവരി 25-ന് തന്നെ കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തി വിട്ട് അന്താരാഷ്ട്ര മേഖലയിലേക്ക് പ്രവേശിച്ചിരുന്നു.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഐആർഐഎസ് ദെന ഇന്ത്യയോട് യാതൊരുവിധ സഹായവും തേടിയിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിയാണ് തങ്ങളുടെ കപ്പലിനെ അമേരിക്കൻ സബ്മറൈൻ ആക്രമിച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ച്ചി ആവർത്തിച്ചു. ആക്രമണത്തെ രാജ്യാന്തര സമൂഹം അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

