ടെഹ്റാൻ: ഇറാനിൽ തകർന്നു വീണ എഫ്-15ഇ യുദ്ധവിമാനത്തിലെ സൈനികനെ രക്ഷപ്പെടുത്താൻ അമേരിക്ക നടത്തിയ നീക്കം, സമ്പുഷ്ടീകരിച്ച യുറേനിയം മോഷ്ടിക്കാനുള്ള മറയായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ വെടിവെച്ചിട്ട വിമാനത്തിലെ രണ്ടാമത്തെ ജീവനക്കാരനെ അതിസാഹസികമായ തിരച്ചിലിലൂടെ രക്ഷപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.(Iran accuses US rescue mission of conspiracy to steal uranium)
യുഎസ് സൈനികനെ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കോഹ്ഗിലുയേ-ബോയർ-അഹമ്മദ് പ്രവിശ്യയും, യുഎസ് സൈന്യം ഇറങ്ങാൻ ശ്രമിച്ച മധ്യ ഇറാന്റെ ഭാഗങ്ങളും തമ്മിൽ വലിയ ദൂരവ്യത്യാസമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ചൂണ്ടിക്കാട്ടി. സമ്പുഷ്ടീകരിച്ച യുറേനിയം മോഷ്ടിക്കാനുള്ള ഒരു വഞ്ചനാപരമായ നീക്കമായിരുന്നു ഇതെന്ന സാധ്യത തള്ളിക്കളയാനാവില്ല. ഈ ദൗത്യം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ദുരന്തമായിരുന്നു എന്ന് ഇസ്മായിൽ ബഗായ് പറഞ്ഞു.
അമേരിക്കയുടേത് വെറുമൊരു ‘രക്ഷപെടൽ ദൗത്യം’ മാത്രമായിരുന്നുവെന്നും ഇറാൻ സൈന്യം അതിനെ പൂർണ്ണമായും പരാജയപ്പെടുത്തിയെന്നും സൈനിക വക്താക്കൾ അവകാശപ്പെട്ടു. ദൗത്യത്തിനിടെ ഇറാൻ സൈന്യത്തിന്റെ ആക്രമണമേറ്റ രണ്ട് യുഎസ് വിമാനങ്ങൾ ഇസ്ഫഹാൻ പ്രവിശ്യയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നതായും ഇറാൻ പറയുന്നു.
എന്നാൽ, ഇറാൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അമേരിക്ക തള്ളി. അതീവ സുരക്ഷയുള്ള ഇസ്ഫഹാനിലെ ദൗത്യത്തിനിടെ രണ്ട് എംസി-130ജെ കമാൻഡോ ട്രാൻസ്പോർട്ട് വിമാനങ്ങൾക്ക് ‘സാങ്കേതിക തകരാർ’ സംഭവിച്ചുവെന്നാണ് യുഎസ് ഔദ്യോഗിക നിലപാട്. വിമാനങ്ങൾ വീണ്ടും പറത്താൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ, അതിലെ രഹസ്യ സാങ്കേതിക വിദ്യകളും ആശയവിനിമയ ഉപകരണങ്ങളും ഇറാന്റെ കൈകളിൽ എത്താതിരിക്കാൻ കമാൻഡർമാരുടെ നിർദ്ദേശപ്രകാരം വിമാനങ്ങൾ ബോംബ് വെച്ച് തകർക്കുകയായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രമായാണ് ഇസ്ഫഹാൻ അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രമായ ‘ഇസ്ഫഹാൻ ന്യൂക്ലിയർ ടെക്നോളജി സെന്റർ’ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. യുറേനിയം പരിവർത്തനവും ഇന്ധന ഉൽപാദനവും നടക്കുന്നത് ഇവിടെയാണ്. ഈ കേന്ദ്രം ആണവായുധ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നതെന്ന് യുഎസും ഇസ്രായേലും ആരോപിക്കുന്നു. കൂടാതെ, ഇറാന്റെ പ്രതിരോധ നിർമ്മാണ ഹബ്ബും എഫ്-14 ടോംകാറ്റ് യുദ്ധവിമാനങ്ങളുടെ താവളമായ ഖതാമി എയർബേസും ഇസ്ഫഹാനിലാണ്.

