
രാജ്യം സ്വാതന്ത്ര്യ പിറവി ആഘോഷിക്കുമ്പോൾ സമരനായകൻ മഹാത്മാ ഗാന്ധി കോൽക്കത്തയിലായിരുന്നു. വിഭജനത്തിന്റെ മുറിവുണക്കാൻ എത്തിയ അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയെ നേരിടുകയായിരുന്നു ഈ അവസരത്തിൽ. കലാപങ്ങൾ അവസാനിപ്പിക്കാനായി ഗാന്ധിജി പട്ടിണി സമരം ഇരുന്ന ഹൈദേരി മൻസിൽ എന്ന ആ വീട് ഇന്ന് ഒരു സ്മാരകമാണ്.
രാജ്യം വെട്ടി മുടിക്കപ്പെട്ടതിന്റെ തുടർച്ചയായി ബംഗാളിൽ കാലാപം കൊടുമ്പിരി കൊള്ളുകയാണ്. ഒരാഘോഷങ്ങൾക്കും കാത്തു നിന്നില്ല മഹാത്മാവ്. 1947 ആഗസ്റ്റ് 9 ന് ബാപ്പുജി കോൽക്കത്തയിലേക്ക് തിരിച്ചു.കലാപത്തിന്റെ കേന്ദ്രം നവ് ഖാലിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.എന്നാൽ പിന്നീട് കോൽക്കത്തയിൽ തുടരാൻ തീരുമാനിച്ചു. മൈത്രിയുടെ സന്ദേശം ജനങ്ങൾക്ക് നൽകാനായി ബംഗാൾ പ്രവിശ്യാ മുസ്ലീം ലീഗിന്റെ നേതാവ് ഹുസൈൻ ഷഹീദ് സുഹ്‌റവർദി ക്കൊപ്പം ഗാന്ധിജിക്ക് താമസിക്കാൻ തെരഞ്ഞെടുത്തതായിരുന്നു 'ഹൈദേരി മൻസിൽ' എന്ന വീട്.
പട്ടിണി സമരമാരംഭിച്ച ഗാന്ധിജിക്ക് മുന്നിൽ ഇരു വിഭാഗൾക്കും പിടിച്ചുനിൽക്കാനായില്ല. കലാപം അവസാനിപ്പിക്കുമെന്ന് അവർ ഉറപ്പ് നൽകി. അങ്ങനെ പഞ്ചാബിൽ 50000 പൊലീസുകാർ തോറ്റപ്പോൾ, ബംഗാളിൽ ഗാന്ധിജി ഒറ്റക്ക് വിജയിച്ചതാണ് ചരിത്രം. വർഗീയതക്കെതിരെ മഹാത്മാവിന്റെ മഹാസമരത്തിന് സാക്ഷ്യം വഹിച്ച ഹൈദേരി മന്സിൽ ഇന്ന് ഗാന്ധി ഭവൻ എന്ന പേരിൽ സ്മാരകമായി നിലകൊള്ളുന്നു.