
എനിക്ക് രക്തം തരൂ ഞാന് നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം' എന്ന് സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യന് ജനതയോട് പ്രഖ്യാപിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇന്ന് രാജ്യം അഭിമാനപൂർവം ആഘോഷിക്കുകയാണ്. ഇന്ത്യന് നാഷണല് ആര്മി സ്ഥാപകനും സായുധ സ്വാതന്ത്ര്യ സമരത്തില് വിശ്വസിച്ചയാളുമായ നേതാജി തുടര്ച്ചയായി രണ്ടുതവണ ഇന്ത്യന് നാഷണല് കോണ്ഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു.
ഗാന്ധിജിയുടെ സമരരീതികള് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാന് പോന്നതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഒറീസ്സയിലെ കട്ടക്കിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ ജനനം. 1897 ജനുവരി 23 ന് വക്കീലായ ജാനകിനാഥ് ബോസിന്റെയും പ്രഭാവതിയുടെയും ആറാമത്തെ മകനായി ജനിച്ചു. വിദ്യാഭ്യാസ കാലം മുതല് ബ്രിട്ടീഷ് ഭരണത്തില് അസംതൃപ്തനായിരുന്നു. കോളജ് വിദ്യാഭ്യാസത്തോടൊപ്പം കോളജിനു പുറത്തുള്ള വിപ്ലവപ്രവര്ത്തനങ്ങളേയും സുഭാഷ് കൗതുകപൂര്വ്വം വീക്ഷിച്ചിരുന്നു. കേംബ്രിഡ്ജ് സര്വ്വകലാശാലയില് പഠനമാരംഭിച്ച അദ്ദേഹം 1920 ല് ഇന്ത്യന് സിവില് സര്വീസ് പ്രവേശന പരീക്ഷ എഴുതുകയും ഉയര്ന്ന മാര്ക്കോടെ വിജയിക്കുകയും ചെയ്തു. പക്ഷെ സ്വാതന്ത്ര്യ സമരത്തില് പ്രവര്ത്തിക്കാന് സിവില് സര്വീസ് ഉപേക്ഷിച്ചു. തുടര്ന്ന് ഇന്ത്യന് നാഷണല് കോണ്ഗ്രസില് ചേര്ന്നു. 1921 ല് വെയില്സിലെ രാജകുമാരന് ഇന്ത്യ സന്ദര്ശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള് ബഹിഷ്കരിക്കാന് നേതാജി ജനങ്ങളെ ആഹ്വാനം ചെയ്തു. തുടര്ന്ന് അറസ്റ്റിലായി. ഓള് ഇന്ത്യാ ഫോര്വേഡ് ബ്ലോക്ക് എന്ന പേരില് രാഷ്ട്രീയപാര്ട്ടി അദ്ദേഹം രൂപീകരിച്ചു.