
നെടുങ്കണ്ടം: ഓട്ടോയില്‍ കളഞ്ഞ് കിട്ടിയ അഞ്ച് പവനിലധികം തൂക്കംവരുന്ന സ്വര്‍ണമാല ഉടമയെ തേടി കണ്ടെത്തി തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍. തൂക്കുപാലം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ നൗഷാദാണ് മാല തിരികെ നല്‍കിയത്. (Gold necklace)
ശനിയാഴ്ച വൈകിട്ടാണ് തൂക്കുപാലത്തെ മില്ലുടമ ഇസ്മായിലിന്റെ കുടുംബത്തിന് മാല തിരികെ നല്‍കിയത്. ശനിയാഴ്ച ഉച്ചക്ക് 2.30നാണ് ഇസ്മായിലിന്റെ ഭാര്യയും മകളും ഈ ഓട്ടോയില്‍ യാത്രചെയ്തത്.
അതിന് ശേഷം പലരുമായും വാഹനം ഓട്ടം പോയി മടങ്ങിവന്ന ശേഷമാണ് ഓട്ടോയുടെ പിന്നില്‍ വലതുവശത്തായി മാറ്റിന്റെ ഇടയില്‍ മാല കിടക്കുന്നതായി നൗഷാദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തന്റെ ഓട്ടോയില്‍ യാത്ര ചെയ്ത പലരോടും സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് നൗഷാദ് ചോദിച്ചകൂട്ടത്തിൽ ഇസ്മായിലിന്റെ വീട്ടുകാരോടും തിരക്കിയെങ്കിലും മാല നഷ്ടപ്പെട്ടതായി അവരും പറഞ്ഞിരുന്നില്ല. ശേഷം വൈകീട്ട് ആറിന് ഇസ്മായിലിന്റെ കുടുംബം മാല നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് നൗഷാദിനെ സമീപിക്കുകയും ഉടനെ മാല തിരികെ നല്‍കുകയുമായിരുന്നു