
മുണ്ടക്കയം: പുല്ലുപാറ അപകടം സംഭവിച്ചത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടല്ലന്ന് പ്രാഥമിക പരിശോധന ഫലം(Pullupara Accident). മോട്ടർ വാഹന വകുപ്പ് അധികൃതർ പുല്ലുപാറയിൽ കൊക്കയിലേക്കു മറിഞ്ഞ കെഎസ്ആർടിസി ബസിൽ സാങ്കേതിക പരിശോധന നടത്തി. ബ്രേക്ക് നഷ്ടപ്പെട്ടതിന്റെ സൂചനകൾ ഒന്നും ലഭ്യമായിട്ടില്ലെന്ന് പ്രാഥമിക പരിശോധനയ്ക്കുശേഷം ആർടിഒ വി.കെ.രാജീവ് പറഞ്ഞു.
ബ്രേക്ക് ഡ്രം അഴിച്ചു പരിശോധിച്ചാൽ മാത്രമേ കൂടുതൽ സ്ഥിരീകരണം ലഭിക്കൂ. വാഹനത്തിൽ സ്പീഡ് ഗവർണർ, ജിപിഎസ് ഉൾപ്പെടെയുണ്ട്. അവ പ്രവർത്തന യോഗ്യമാണോ എന്ന് നിലവിലെ സാഹചര്യത്തിൽ അറിയാൻ കഴിയില്ല. ഈ കാര്യങ്ങളിൽ കൂടുതൽ പരിശോധനകൾ വേണമെന്നും മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി.
മുറിഞ്ഞപുഴ കടുവാപ്പാറ കഴിഞ്ഞതോടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ ആർ.രാജീവ്‌കുമാർ വിളിച്ചു പറഞ്ഞു. സഹ ഡ്രൈവർ ഡിക്സൺ ഗിയർ ഡൗൺ ചെയ്യാൻ പറഞ്ഞെങ്കിലും ബസിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയായിരുന്നു. ക്രാഷ് ബാരിയർ ഇടിച്ചു തകർത്ത ശേഷം റോഡിൽ തന്നെ വട്ടം കറങ്ങി കുഴിയിലേക്കു വീണ ബസ്സ് റബ്ബർ മരത്തിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.