
തൊടുപുഴ: വളവുതിരിയവേ കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ചുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം(Idukki Accident). ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണമ്മയാണ് മരിച്ചത്. കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ഏലപ്പാറ ചിന്നാര്‍ നാലാം മൈലിൽ ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം. സ്റ്റോപ്പിൽ നിന്നു ബസിൽ കയറിയ ഉടനെ സ്വർണമ്മ വാതിലിനു സമീപമുള്ള തൂണിൽ പിടിച്ചുനിൽക്കുകയായിരുന്നു. തുടർന്ന് ബസ് വളവ് തിരിയുന്നതിനിടെ പിടിവിട്ട് ഡോറിലേക്കു വീഴുകയും പിന്നാലെ റോഡിലേക്കും തെറിച്ചുവീഴുകയായിരുന്നു.
തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ സ്വർണമ്മയെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമികാന്വേഷണത്തിൽ ഡോറിന്റെ ലോക്കിനും ചില പ്രശ്നങ്ങളുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. വിശദമായി അന്വേഷിക്കാൻ നിര്‍ദേശം നൽകിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.