ചൂട് കാലത്ത് മോര് കുടിക്കുന്നത് ദാഹം ശമിപ്പിക്കുകയും ക്ഷീണമകറ്റുകയും ചെയ്യും. ഭക്ഷണത്തിനുശേഷം കുറച്ച് മോര് കുടിക്കുന്നത് ദഹനത്തെ സഹായിക്കും. മോരിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.
ദഹനപ്രശ്‌നങ്ങളും വയറുവേദനയുമൊക്കെ അലട്ടുന്നവരാണെങ്കില്‍ പതിവായി ഭക്ഷണത്തില്‍ മോര് ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധത്തെ അകറ്റാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഇത് ഗുണകരമാണ്. പ്രോബയോട്ടിക് ആയതിനാല്‍, വയറിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും കുടലിന്റെ ആരോഗ്യത്തിനും മോര് നല്ലതാണ്.
മോരിന്റെ പ്രോബയോട്ടിക് ഗുണങ്ങള്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മോരില്‍ കലോറിയും ഫാറ്റും കുറവാണ്. അതിനാല്‍ മോര് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും. ഫാറ്റും കൊളസ്‌ട്രോളും കുറഞ്ഞ മോര് കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.