
ആരോഗ്യത്തിനു ഗുണകരവും അതിനൊപ്പം തന്നെ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ നിരവധി ഘടകങ്ങളാൽ സമ്പന്നമാണ് അയമോദകം കുഞ്ഞൻ വിത്തുകൾ. അമിത വണ്ണമുള്ളവർ ഈ രീതികളിൽ അയമോദകം കഴിച്ചാൽ ശരീരഭാരം കുറയ്ക്കുവാൻ കഴിയും.
അയമോദക വെള്ളം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ അയമോദകകം ഇട്ടു രാത്രി മുഴുവൻ വയ്ക്കുക. കാലത്ത് വെറും വയറ്റിൽ അരിച്ചെടുത്ത് കുടിക്കാം. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കുന്നതിനും ഈ പാനീയം ഉത്തമമാണ്.
അയമോദക ചായ
ഒരു കപ്പ് വെള്ളത്തിന് ഒരു ടീസ്പൂൺ അയമോദകം എന്ന രീതിയിലെടുത്ത് നന്നായി തിളപ്പിക്കുക. കുറച്ച് സമയത്തിനുശേഷം അരിച്ചെടുത്തു ഉപയോഗിക്കാം. ഭക്ഷണത്തിനു മുൻപ് ഈ ചായ കുടിക്കുന്നതാണ് ഉത്തമം. ദഹനം എളുപ്പത്തിലാക്കാനും വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.
അയമോദകം ചേർത്ത മോരുംവെള്ളം
ഒരു ഗ്ലാസ് മോരുംവെള്ളത്തിലേക്കു ഒരു ടീസ്പൂൺ അയമോദകം ഇട്ടു നന്നായി ഇളക്കി, ഭക്ഷണത്തിനു ശേഷം കുടിക്കാവുന്നതാണ്. വയറു കമ്പനം പോലുള്ള പ്രശ്നങ്ങളിൽ നിന്നും പരിഹാരം ഉണ്ടാകും. മാത്രമല്ല, ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യും. ശരീര ഭാരം നിയന്ത്രിക്കുവാൻ ശ്രമിക്കുന്നവർക്കു ഈ പാനീയം ഏറെ ഗുണകരമാണ്.
അയമോദകം പൊടിച്ചത്
അയമോദകം ചെറുതായി ചൂടാക്കിയശേഷം പൊടിച്ചെടുക്കാം. സാലഡ്, സൂപ്പ്, തൈര് എന്നിവയിൽ ചേർത്ത് കഴിക്കാം.
തേനും അയമോദകവും
ഒരു ടേബിൾ സ്പൂൺ തേനിൽ ഒരു ടീസ്പൂൺ അയമോദകം ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ദിവസത്തിൽ ഒരു തവണ കഴിക്കാവുന്നതാണ്. മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് വളരെ സഹായകരമാണ്.
അയമോദകം ചേർത്ത ചെറുനാരങ്ങ ജൂസ്
നാരങ്ങ ജൂസ് തയാറാക്കിയതിനു ശേഷം അതിലേക്കു ഒരു ടീസ്പൂൺ അയമോദകവും കൂടെ ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്തു കുടിയ്ക്കാം. ഭക്ഷണത്തിനു മുൻപ് ദിവസവും ഒരു നേരം ഈ ജൂസ് ശീലമാക്കാവുന്നതാണ്. ദഹനത്തിന് മാത്രമല്ല, ശരീരത്തിലെ അമിതമായ കൊഴുപ്പിനെ നിയന്ത്രിക്കാനും ഇത് ഉത്തമമാണ്.