പതിനാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി. വാത്സല്യം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി നിർവഹിച്ചു. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 14 വയസ്സിന് താഴെ പ്രായമുളള കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള റോബോട്ടിക്ക് ശസ്ത്രക്രിയകൾക്കായാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ പദ്ധതി.
കഴിഞ്ഞ മാസം നിദ ഫാത്തിമ എന്ന ഏഴു വയസ്സുകാരിക്ക് രാജഗിരിയിൽ നടന്ന ഹൃദയശസ്ത്രക്രിയയാണ് ഈ പദ്ധതിയിലെ ആദ്യത്തേത്. ഒരു ആരാധകൻ വഴി നിദയുടെ അവസ്ഥ അറിഞ്ഞ മമ്മൂട്ടി വിഷയത്തിൽ ഇടപെട്ടിരുന്നത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. പദ്ധതിയുടെ ഭാഗമായി ഇനി 99 കുട്ടികൾക്ക് കൂടി അത്യാധുനിക ശസ്ത്രകിയകൾ നടത്തും. മുതിർന്നവർക്ക് മാത്രമായി ആരോഗ്യപദ്ധതികൾ നടപ്പാക്കുന്നതിൽ കാര്യമില്ലെന്നും കുട്ടികളുടെ കരുതൽ പ്രധാനമാണെന്നുമുള്ള മമ്മൂട്ടിയുടെ നിർദേശമാണ് പദ്ധതിക്ക് തുടക്കം കുറിക്കാൻ കാരണമായത്.