ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനായി തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായുള്ള ഡ്രൈ ഫ്രൂട്സ്, നട്സ്, ജെല്‍സ്, ഫ്ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായുള്ള അസംസ്‌കൃത വസ്തുക്കളില്‍ ഭൂരിഭാഗവും തുര്‍ക്കിയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
നേരത്തെ, തുര്‍ക്കിയില്‍ നിന്നുള്ള പഴങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. ആപ്പിള്‍ ഉള്‍പ്പെടെ നിരവധി പഴവര്‍ഗങ്ങളാണ് തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ തുര്‍ക്കിയുടെ ആപ്പിള്‍ വ്യാപാരം ഏകദേശം 1,200-1,400 കോടി രൂപയ്ക്കാണ് നടക്കുന്നത്.
2023 ഫെബ്രുവരിയില്‍ ഭൂചലനം മൂലം തകർന്ന തുര്‍ക്കിയ്ക്ക് ഇന്ത്യ, 'ഓപ്പറേഷന്‍ ദോസ്ത്' എന്ന ദൗത്യത്തിലൂടെ നിരവധി സഹായം നല്‍കിയിരുന്നു. 100 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികള്‍, എന്‍ഡിആര്‍എഫ് ടീമുകള്‍, സൈനിക മെഡിക്കല്‍ യൂണിറ്റുകള്‍, ഫീല്‍ഡ് ആശുപത്രികള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവ അന്ന് ഇന്ത്യ തുർക്കിക്ക് നൽകിയിരുന്നു.