

മുംബൈ: സ്ത്രീകൾക്കും കുട്ടികൾക്കുമായി സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് നിതാ അംബാനി. പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള 1,00,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സ്‌ക്രീനിംഗും ചികിത്സയും നല്‍കുന്ന പുതിയ ആരോഗ്യ സേവാ പദ്ധതിയാണ് പ്രഖ്യാപിച്ചത്. (Free treatment scheme by Nita Ambani)
റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനിയുടെ മേൽനോട്ടത്തിലാകും ചികിത്സ പദ്ധതി. കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ സ്‌ക്രീനിംഗുകള്‍ക്കും ചികിത്സകള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി.
സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിന്റെ പത്താം വാര്‍ഷികത്തോട് ബന്ധപ്പെട്ടാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 50,000 കുട്ടികള്‍ക്കിടയില്‍ ഹൃദ്രോഗത്തിനുള്ള സൗജന്യ പരിശോധനയും ചികിത്സയും, 50,000 സ്ത്രീകള്‍ക്ക് സൗജന്യ ബ്രെസ്റ്റ് ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ്, 10,000 കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്സിനേഷന്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.