
സ്റ്റോക്ഹോം: ആഫ്രിക്കയിൽ പടർന്ന് പിടിക്കുന്ന എം പോക്സ് രോഗം യൂറോപ്യൻ രാജ്യമായ സ്വീഡനിലും സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുന്നു. ഈയടുത്ത് ആഫ്രിക്ക സന്ദർശിച്ചു മടങ്ങിയ സ്വീഡിഷ് പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഓർത്തോപോക്സ് വൈറസ് ജനുസ്സിൽ പെട്ട മങ്കിപോക്സ് വൈറസ് കാരണമുണ്ടാകുന്ന രോഗമാണ് എം പോക്സ്. 1958ൽ കുരങ്ങുകളിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തുന്നത്. പിന്നാലെ രോഗം ബാധിച്ച കുരങ്ങുകൾ ഉൾപ്പടെയുള്ള മൃഗങ്ങളുമായി സമ്പർക്കം പുലർത്തിയ മനുഷ്യരിലേക്കും രോഗം പടർന്നു. 1970-ൽ കോംഗോയിൽ ഒമ്പത് മാസം പ്രായമുള്ള ഒരു ആൺകുഞ്ഞിലാണ് മനുഷ്യരിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ കൂട്ട മരണത്തിന് ഇടയാക്കിയ വസൂരി വൈറസുകളുടെ അതേ വിഭാഗത്തിലാണ് മങ്കി പോക്‌സും ഉള്ളത്. ശരീരത്തിൽ ചുണങ്ങ് വരുന്നതാണ് ആദ്യ ലക്ഷണം. പിന്നാലെ ഇവ പഴുപ്പ് നിറഞ്ഞ വലിയ കുരുക്കളായി മാറുകയും ചെയ്യുന്നു.