രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിനിടയിലെ കോവിഡ് കണക്കുകൾ പുറത്തു വരുമ്പോൾ കേരളത്തിന് ആശ്വാസം. ഇന്ത്യയിൽ ഏറ്റവും അധികം കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിൽ ഒന്ന് കേരളമായിരുന്നു. അതിനല്പം കുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 119 കേസുകളാണ് കുറഞ്ഞിട്ടുള്ളത്. രോഗികളിൽ 87 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 1920 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 11 പുതിയ കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഏഴു മരണങ്ങൾ കേരളത്തിലാണ്. മധ്യപ്രദേശ് മഹാരാഷ്ട്ര, ഡൽഹി, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ മരണങ്ങൾ വീതം സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 7264 ആയി ഉയർന്നിട്ടുണ്ട്.
അതേസമയം, കോവിഡ് ജാഗ്രത തുടരണമെന്ന് കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലും റിപ്പോർട്ട് ചെയ്യുന്നതിലും കുറവുണ്ടെങ്കിലും ഇതിന്റെ ഭീതി ഒഴിഞ്ഞിട്ടില്ല. പ്രായമായവരിലും മറ്റു രോഗങ്ങൾ ഉള്ളവരിലും രോഗം ഗുരുതരമായ സാധ്യത ഉള്ളതിനാൽ ഇവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പൊതുവിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്‌ക് ധരിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.