

മറവിരോഗത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് പലപഠനങ്ങളും നടന്നുവരുന്നുണ്ട്. ടൈപ് 2 ഡയബറ്റിസ്, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, പക്ഷാഘാതം എന്നിവയൊക്കെ അൽഷിമേഴ്സ് സാധ്യത കൂട്ടുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. ഇപ്പോഴിതാ ഹൈപ്പർടെൻഷനും അൽഷിമേഴ്സും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്ന് പറയുകയാണ് ഒരുസംഘം ഗവേഷകർ. ഹൈപ്പർടെൻഷൻ ചികിത്സിക്കപ്പെടാതെപോകുന്നത് അൽഷിമേഴ്സ് സാധ്യത കൂട്ടുമെന്ന് ഗവേഷകർ പറയുന്നത്.
ന്യൂസൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പുറകിൽ. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി പുറത്തിറക്കുന്ന ന്യൂറോളജി എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകദേശം 72 വയസ്സുപ്രായം വരുന്ന 31,000-ത്തിലേറെ പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഓസ്ട്രേലിയ, സ്പെയിൻ, ജപ്പാൻ തുടങ്ങി പതിനാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് പഠനത്തിന്റെ ഭാഗമായത്.
തുടർന്നു സംഘടിപ്പിച്ച പരിശോധനയിലാണ് ഒമ്പതുശതമാനംപേർ ഉയർന്ന രക്തസമ്മർദത്തിന് ചികിത്സ തേടാത്തവരാണെന്ന് കണ്ടെത്തിയത്. 51ശതമാനം ആളുകൾ ഹൈപ്പർടെൻഷന് മരുന്നെടുക്കുന്നവരും 36 ശതമാനം പേർ ഉയർന്ന രക്തസമ്മർദം ഇല്ലാത്തവരുമാണ്.