
കര്‍ക്കടക മാസം മലയാളിയ്ക്ക് ഏറെ പ്രത്യേകതകളുള്ള ഒന്നാണ്. പഞ്ഞ മാസവും ഒപ്പം രാമായണ മാസവുമാണിത്. കൃഷി മുഖ്യ വരുമാന മാര്‍ഗമായിരുന്ന ഒരു തലമുറയ്ക്ക് പെയ്തു തോരാത്ത മഴയുടെ കാലത്ത് അറുതിയായിരുന്നു ഫലം. ഇതാണ് പൊതുവേ കര്‍ക്കടകത്തെ പഞ്ഞ മാസം എന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. പൊതുവേ ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വയ്ക്കുന്ന മാസം കൂടിയാണിത്. കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്ന, പെട്ടെന്നു തന്നെ അസുഖങ്ങള്‍ വരാന്‍ സാധ്യതയുളള മാസമാണിത്.
ഉഷ്ണത്തില്‍ നിന്നും പെട്ടെന്ന് തണുപ്പിലേക്കുള്ള മാറ്റമാണ് കര്‍ക്കടകത്തില്‍ സംഭവിയ്ക്കുന്നത്. ഇത് ശരീരത്തെ ബലഹീനമാക്കും. പണ്ടു കാലത്ത് പ്രത്യേക ഭക്ഷണ വസ്തുക്കള്‍ ഈ മാസം കഴിയ്ക്കുന്നതും പതിവായിരുന്നു. ഇതില്‍ ഒന്നാണ് കര്‍ക്കടക കഞ്ഞി അഥവാ മരുന്നു കഞ്ഞി. കര്‍ക്കടക മാസത്തില്‍ ഇതു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്.
നവര അരിയാണ് കര്‍ക്കടക കഞ്ഞിയ്ക്കായി ഉപയോഗിയ്ക്കുന്നത്. ഔഷധ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് നവര അരി. ആയുര്‍വേദ പ്രകാരം അസിഡിറ്റിയാണ് ശരീരത്തിലെ പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്. നവര അരി ശരീരം ആല്‍ക്കലൈനാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നവര അരി വേവിച്ച് കഞ്ഞി വെക്കുന്നു. ആല്‍ക്കലൈനാക്കാന്‍ സഹായിക്കുന്ന പലതരം ആയുര്‍വേദ മരുന്നുകള്‍ പൊടിച്ചോ അരച്ചോ കഞ്ഞിയിൽ ചേർക്കുന്നു. ഇത് അടുപ്പില്‍ നിന്നും വാങ്ങുന്നതിന് മുന്‍പായി ആല്‍ക്കലൈനായ തേങ്ങാപ്പാല്‍, ഇന്തുപ്പ്, നെയ്യ് എന്നിവയും കര്‍ക്കടക കഞ്ഞിയില്‍ ചേര്‍ക്കുന്നു.
കര്‍ക്കടകത്തിലെ ആദ്യ 7 ദിവസങ്ങളിലാണ് കര്‍ക്കടക കഞ്ഞി കുടിയ്‌ക്കേണ്ടതെന്നാണ് പറയുന്നത്. വേനല്‍ക്കാലത്തെ ശാരീരിക അധ്വാനത്തിന്റേയും ക്രമരഹിത ഭക്ഷണത്തിൻറെയും ഫലമായി ശരീരത്തിലടിഞ്ഞു കുടിയ ശരീര കോശ ക്ഷയ മാലിന്യങ്ങളെ പുറന്തള്ളുകയെന്നതാണ് കര്‍ക്കടക കഞ്ഞിയിലൂടെ ചെയ്യുന്നത്. ഇതിലൂടെ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു. അടുത്ത ഒരു വര്‍ഷത്തേയ്ക്കു വേണ്ട പ്രതിരോധ ശേഷി ശരീരത്തിന് ലഭിയ്ക്കുന്നു.
ആൽക്കലൈൻ വസ്തുക്കൾ കൊണ്ട് മാത്രം ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ കർക്കടക കഞ്ഞി കഴിക്കുമ്പോൾ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന മാലിന്യം പുറത്ത് പോകുന്നു. ശരീരത്തിന്റെ പിഎച്ച് ആല്‍ക്കലൈനായി മാറുന്നു. അതായത് അസിഡിറ്റി നീങ്ങുന്നു. ശരീരത്തിൽ നടക്കുന്ന ഈ ജൈവരാസപ്രവർത്തനം കൊണ്ട് മനുഷ്യ ശരീരത്തിൻ്റെ പിഎച്ച് 7.45 എത്തുന്നു. 7.45 പിഎച്ച് ഉള്ള ശരീരത്തെ ഒരു രോഗാണുവിനും ആക്രമിക്കാൻ കഴിയാത്ത വിധം പ്രതിരോധശേഷി ശരീരം നേടുന്നു. കര്‍ക്കടക കഞ്ഞി കുടിയ്ക്കുന്നതിലൂടെ വയറിന്റെ ആരോഗ്യവും ദഹനവും മെച്ചപ്പെടുന്നു.